Tuesday, June 10, 2008

പൂന്താനം വിവാദം: വിജിലന്‍സ്‌ അന്വേഷണം തുടങ്ങിയില്ല

 പൂന്താനം ഇല്ലവുമായി ബന്ധപ്പെട്ട്‌ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ്‌ പെരിന്തല്‍മണ്ണ മുന്‍സിഫ്‌ കോടതിയില്‍ നല്‍കിയ വിവാദ സത്യവാങ്‌മൂലത്തെ സംബന്ധിച്ച വിജിലന്‍സ്‌ അന്വേഷണം ഇതുവരെ തുടങ്ങിയില്ല. ദേവസ്വംമന്ത്രി ജി.സുധാകരന്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ട്‌ മൂന്നുമാസം കഴിഞ്ഞിട്ടും ഇതാണ്‌ സ്ഥിതി. മന്ത്രി രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അന്വേഷണം തുടങ്ങിയിട്ടില്ലെന്നുമാണ്‌ വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോയുടെ വിശദീകരണം. 

പൂന്താനം ഇല്ലത്ത്‌ സാഹിത്യോത്സവം നടത്തുന്നത്‌ സംബന്ധിച്ച്‌ വിവാദങ്ങളുയര്‍ന്നതിനെത്തുടര്‍ന്ന്‌, സാഹിത്യോത്സവം ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ്‌ നേരിട്ട്‌ നടത്തണമെന്നാവശ്യപ്പെട്ട്‌ പെരിന്തല്‍മണ്ണ സ്വദേശി ടി.വി.ശശിധരന്‍ പെരിന്തല്‍മണ്ണ മുന്‍സിഫ്‌ കോടതിയില്‍ ഒരു വര്‍ഷംമുമ്പ്‌ സ്വകാര്യ അന്യായം ഫയല്‍ ചെയ്‌തു. 

ഇതേത്തുടര്‍ന്നാണ്‌ ദേവസ്വംബോര്‍ഡ്‌ സത്യവാങ്‌മൂലം കോടതിയില്‍ സമര്‍പ്പിച്ചത്‌. ഇത്‌ വിവാദമായതോടെ ദേവസ്വംബോര്‍ഡ്‌ ഈ അവകാശവാദങ്ങള്‍ പിന്‍വലിച്ചിരുന്നു. ഈ വിഷയം നിയമസഭയില്‍ കെ.സി.വേണുഗോപാല്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ശുപാര്‍ശ ചെയ്‌തതായി ദേവസ്വംമന്ത്രി അറിയിച്ചത്‌. സംഭവത്തില്‍ ഉദ്യോഗസ്ഥ ഗൂഢാലോചനയുണ്ടെന്നും അത്‌ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നുമായിരുന്നു മന്ത്രി അറിയിച്ചത്‌. എന്നാല്‍ വിജിലന്‍സ്‌ അന്വേഷണത്തിന്‌രേഖാമൂലം അറിയിപ്പ്‌ ലഭിച്ചിട്ടില്ലെന്നായിരുന്നു ഇതിനിടെ അഭ്യന്തരവകുപ്പ്‌ മന്ത്രിയുടെ വിശദീകരണം. 

പൂന്താനം ഇല്ലത്തെ സാഹിത്യോത്സവത്തില്‍ ചില സംഘടനകളുടെ ഇടപെടലിനെത്തുടര്‍ന്ന്‌ കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാര്‍ ഇതിന്‌ ഫണ്ട്‌ കൊടുക്കുന്നത്‌ നിര്‍ത്തിയിരുന്നു. തുടര്‍ന്ന്‌ സാഹിത്യോത്സവ കമ്മിറ്റി രൂപവത്‌കരിച്ചായിരുന്നു പരിപാടി നടത്തിയിരുന്നത്‌. ഇത്‌ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ്‌ നേരിട്ട്‌ നടത്തണ മെന്നാവശ്യപ്പെട്ടാണ്‌ അന്യായം പെരിന്തല്‍മണ്ണ കോടതിയില്‍ എത്തിയത്‌. 

Tuesday, June 3, 2008

മണിയാണീരിക്കടവ്‌ പാലം ഉദ്‌ഘാടനം വൈകും

ഇരുവശത്തുമുള്ള ഭിത്തിനിര്‍മാണവും കോണ്‍ക്രീറ്റ്‌ വെയറിങ്‌കോട്ടും പൂര്‍ത്തിയാകാത്തതിനാല്‍ മണിയാണീരിക്കടവ്‌ പാലത്തിന്റെ ഉദ്‌ഘാടനം നടക്കാന്‍ ഇനിയും മാസങ്ങള്‍ കഴിയും. മെയ്‌ ആദ്യവാരത്തില്‍ പാലം ഉദ്‌ഘാടനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു അധികൃതര്‍. എന്നാല്‍ മുഴുവന്‍ ജോലികളും പൂര്‍ത്തീകരിക്കാതെ പാലം ഉദ്‌ഘാടനം ചെയ്‌താല്‍ ആക്ഷേപങ്ങള്‍ക്ക്‌ ഇടയാക്കുമെന്നതുകൊണ്ടാണ്‌ ഉദ്‌ഘാടനം നീട്ടിയത്‌. 

2006 ഫെബ്രുവരി 26നാണ്‌ മേലാറ്റൂര്‍-കീഴാറ്റൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട്‌ വെള്ളിയാര്‍ പുഴയുടെ മണിയാണീരിക്കടവില്‍ പാലത്തിന്റെ പണി തുടങ്ങിയത്‌. നാലേകാല്‍ കോടി രൂപ ചെലവില്‍ നിര്‍മിച്ച പാലത്തിന്‌ 22.32 മീറ്റര്‍ വീതം നീളമുള്ള 4 സ്‌പാനുകളാണുള്ളത്‌. പാര്‍ശ്വഭിത്തിയുടെ നിര്‍മാണമുള്‍പ്പെടെ 30 ലക്ഷം രൂപയുടെ ജോലികള്‍കൂടി ഇനി പൂര്‍ത്തീകരിക്കാനുണ്ട്‌. അതിനായുള്ള എസ്റ്റിമേറ്റ്‌ തയ്യാറാക്കി നല്‍കിയിട്ടുണ്ട്‌.