Friday, November 6, 2009

നിര്‍മാണം നടന്നത് പോലീസ് കാവലില്‍ കീഴാറ്റൂര്‍ സെന്‍ട്രലില്‍ ബസ് കാത്തുനില്‍പ്പുകേന്ദ്രം നിര്‍മിച്ചു

ക്തജന സമിതിയുടെ പ്രതിഷേധം നിലനില്‍ക്കെ കീഴാറ്റൂര്‍ സെന്‍ട്രലില്‍ ഒറ്റദിവസംകൊണ്ട് പോലീസ്‌കാവലില്‍ ബസ് കാത്തുനില്‍പ്പുകേന്ദ്രം നിര്‍മിച്ചു. കീഴാറ്റൂര്‍-മേലാറ്റൂര്‍ റൂട്ടില്‍ ബസ്‌സര്‍വീസ് ആരംഭിച്ചതോടെയാണ് ജനവാസ കേന്ദ്രമായ കീഴാറ്റൂര്‍ സെന്‍ട്രലില്‍ ബസ് കാത്തുനില്‍പ്പുകേന്ദ്രം നിര്‍മിക്കണമെന്ന ആവശ്യം ശക്തമായത്. ഇതേത്തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്ത് അനുവദിച്ച ഫണ്ടുപയോഗിച്ച് ബസ് കാത്തുനില്‍പ്പുകേന്ദ്രം നിര്‍മിക്കാനുള്ള നടപടികള്‍ തുടങ്ങവേ ഭക്തജനസമിതി പ്രതിഷേധവുമായി രംഗത്തിറങ്ങി.

ബുധനാഴ്ച രാവിലെ നിര്‍മാണജോലികള്‍ നടക്കവെ ദേവസ്വംഭൂമിയില്‍ നിര്‍മാണം നടത്താന്‍ പാടില്ലെന്നുപറഞ്ഞ് സ്ഥലത്തെത്തിയ ഭക്തജനസമിതി പ്രവര്‍ത്തകരും ബസ് കാത്തുനില്‍പ്പുകേന്ദ്രം നിര്‍മിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയ ജനകീയ സമിതിയും തമ്മില്‍ നേരിയതോതില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.

വിവരമറിഞ്ഞ് പെരിന്തല്‍മണ്ണ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. തുടര്‍ന്ന് പോലീസ് കാവലില്‍ ബസ് കാത്തുനില്‍പ്പുകേന്ദ്രത്തിന്റെ പണി തുടങ്ങി. വ്യാഴാഴ്ച പുലര്‍ച്ചയോടെ കോണ്‍ക്രീറ്റ് ജോലി അടക്കം തീര്‍ത്തു. ഇതോടെ മാസങ്ങളായി ബസ് കാത്തുനില്‍പ്പുകേന്ദ്രം വേണമെന്നുള്ള ജനകീയ ആവശ്യം യാഥാര്‍ഥ്യമായി. എന്നാല്‍ അനധികൃതമായി ദേവസ്വംഭൂമി കൈയേറി ബസ് കാത്തുനില്‍പ്പുകേന്ദ്രം നിര്‍മിച്ച അധികൃതരുടെ നിലപാടിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ഭക്തജനസമിതി പ്രവര്‍ത്തകര്‍.