Friday, January 29, 2010

പൂന്താനം ഇല്ലം മലയാളത്തിന്റെ അഭിമാന കേന്ദ്രമാക്കണം-സ്മാരകസമിതി

ഭക്തകവി പൂന്താനത്തിന്റെ ജന്മഗൃഹം മലയാളഭാഷയ്ക്കും മലയാളികള്‍ക്കും അഭിമാനിക്കാവുന്ന വിധത്തിലുള്ള തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്നതാണ് പൂന്താനം സ്മാരകസമിതിയുടെ ലക്ഷ്യമെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. പൂന്താനം കേസ് മതനിരപേക്ഷതയേ്ക്കറ്റ പ്രഹരമാണ്. 400വര്‍ഷമായി വിസ്മൃതിയിലാണ്ടുകിടന്നിരുന്ന പൂന്താനത്തിന്റെ ജന്മഗൃഹം സാംസ്‌കാരിക കേരളത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സ്മാരകസമിതിക്ക് കഴിഞ്ഞിട്ടുണ്ട്.

1994 മുതല്‍ 12വര്‍ഷം മതേതര രീതിയിലാണ് പൂന്താനം സാഹിത്യോത്സവം നടന്നുവന്നത്. ഗുരുവായൂര്‍ ദേവസ്വം നേരിട്ട് സാഹിത്യോത്സവം നടത്തണമെന്നും എന്നാല്‍ നാട്ടുകാരുടെ പങ്കാളിത്തത്തോടെ മതനിരപേക്ഷമായ രീതിയില്‍ വേണം സംഘടിപ്പിക്കേണ്ടതെന്നും അവര്‍ ആവശ്യപ്പെട്ടു.

പൂന്താനം ഒരു @ഷികവിയാണ്. ആനിലയ്ക്ക് പൂന്താനം ഇല്ലം മലയാളിയുടെ പൊതുസ്വത്താണ്. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ സ്വകാര്യസ്വത്തായി ഇല്ലം മാറുന്നത് ദൂരവ്യാപകമായ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കും.

പൂന്താനം കേസില്‍ ഗുരുവായൂര്‍ ദേവസ്വം എടുത്ത നിലപാട് അപലപനീയമാണ്. സര്‍ക്കാരിന്റെ ദേവസ്വം നയങ്ങള്‍ക്കനുസരിച്ചുള്ളതാണോ അതെന്ന കാര്യം ബന്ധപ്പെട്ടവര്‍ പരിശോധിക്കണം.

ഇല്ലത്ത് യാതൊരു നിര്‍മ്മാണപ്രവര്‍ത്തനവും ദേവസ്വം നടത്തിയിട്ടില്ല. മൂന്നുവര്‍ഷം മുന്‍പ് ആന ചവുട്ടിമെതിച്ച ഇല്ലപ്പൂമുഖവും പത്തായപ്പുരയും പുതുക്കപ്പണിയാനുള്ള സന്മനസ്സുപോലും കാണിച്ചിട്ടില്ല. ഈ അനാസ്ഥക്കെതിരെ സ്മാരകസമിതി പ്രക്ഷോഭത്തിന് തയ്യാറാകുമെന്നും അവര്‍ പറഞ്ഞു. കേസ്സിന്റെ വിധിയെ നിയമപരമായി നേരിടും. അതോടൊപ്പം ഈ പ്രശ്‌നം ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കാനും സ്മാരക സമിതി തയ്യാറാവുമെന്നും ഭാരവാഹികളായ സി.വി. സദാശിവന്‍, പാലക്കീഴ് നാരായണന്‍, സി. വാസുദേവന്‍, കൃഷ്ണന്‍ നമ്പൂതിരി, കീഴാറ്റൂര്‍ അനിയന്‍, വിജയകുമാര്‍ പി.എസ്, മേലാറ്റൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

മാ‍തൃഭൂമി വാർത്ത.

Wednesday, January 27, 2010

പൂന്താനം സാഹിത്യോത്സവം ദേവസ്വം നേരിട്ട്‌ നടത്തണമെന്ന്‌ കോടതി

പൂന്താനം ഇല്ലത്ത്‌ പൂന്താനം സാഹിത്യോത്സവം ഗുരുവായൂര്‍ ദേവസ്വം നേരിട്ട്‌ നടത്തണമെന്ന്‌ പെരിന്തല്‍മണ്ണ മുന്‍സിഫ്‌ കോടതി ഉത്തരവിട്ടു. പൂന്താനം ഭക്തന്‍ എന്ന നിലയില്‍ പെരിന്തല്‍മണ്ണയിലെ പി.വി. ശശിധരന്‍ നല്‍കിയ കേസിലാണ്‌ മുന്‍സിഫ്‌ കെ. പ്രിയയുടെ വിധി.

പൂന്താനം ഇല്ലത്ത്‌ പവിത്രത കാത്തുസൂക്ഷിക്കേണ്ടതുണ്ട്‌. മതപരവും ധര്‍മപരവുമായ കാര്യങ്ങളേ നടത്തൂ എന്ന്‌ ഉറപ്പുവരുത്താന്‍ ഗുരുവായൂര്‍ ദേവസ്വത്തിന്‌ ബാധ്യതയുണ്ട്‌. പൂന്താനം ഇല്ലം ആധാരപ്രകാരമാണ്‌ ദേവസ്വത്തിന്‌ ലഭിച്ചത്‌. അതുകൊണ്ടുതന്നെ ആധാരത്തില്‍ പറഞ്ഞിട്ടുള്ള മതപരവും ധര്‍മപരവുമായ കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്‌. അതിനാല്‍ അന്യായക്കാരന്റെ വാദങ്ങള്‍ ശരിവെച്ചുകൊണ്ടാണ്‌ കോടതി ഉത്തരവ്‌.

ഗുരുവായൂര്‍ ദേവസ്വം, ദേവസ്വം ചെയര്‍മാന്‍, പൂന്താനം സ്‌മാരക കമ്മിറ്റി, പൂന്താനം ഇല്ലം ക്ഷേത്രസംരക്ഷണ സമിതി എന്നിവരെ പ്രതികളാക്കിക്കൊണ്ടായിരുന്നു കേസ്‌. പൂന്താനം ഇല്ലത്ത്‌ അനുചിതമായ പരിപാടികളും യോഗങ്ങളും നടത്താന്‍ ദേവസ്വം രാഷ്ട്രീയമായ കാരണങ്ങളാല്‍ അനുവാദം നല്‍കാന്‍ സാധ്യതയുണ്ടെന്നും അത്‌ തടയണമെന്നുമായിരുന്നു അന്യായക്കാരന്റെ ആവശ്യം.

കോടതിയില്‍ അന്യായക്കാരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട്‌ പത്രിക കൊടുക്കുകയോ തെളിവ്‌ നല്‍കുകയോ ദേവസ്വം ചെയ്‌തിരുന്നില്ല. അന്യായക്കാരന്‍ ആവശ്യപ്പെട്ടതുപോലെ വിധിക്കുന്നത്‌ സമ്മതമാണെന്ന്‌ കോടതിയില്‍ എഴുതിക്കൊടുക്കുകയും ചെയ്‌തിരുന്നു.

പൂന്താനത്തിന്റെ അനന്തരാവകാശികള്‍ ഗുരുവായൂര്‍ ദേവസ്വത്തിന്‌ കൈമാറിയതാണ്‌ ഇല്ലവും ഇല്ലപ്പറമ്പും. ഇതിന്റെ വികസനത്തിനായി ദേവസ്വം പിന്നീട്‌ കുറച്ചു സ്ഥലം അക്വയര്‍ചെയ്‌ത്‌ ഏറ്റെടുക്കുകയും ചെയ്‌തു. 1993 മുതല്‍ ഇവിടെ പൂന്താനം ദിനാഘോഷങ്ങള്‍ നടന്നുവരുന്നുണ്ട്‌. നാട്ടുകാരുടെ സഹകരണത്തോടെ നടത്തിവന്ന പൂന്താനം ദിനാഘോഷത്തെ എതിര്‍ത്തുകൊണ്ടായിരുന്നു ഹര്‍ജി.

മാതൃഭൂമി വാർത്ത