Friday, August 19, 2016

ജനപ്രതിനിധികൾക്ക് സ്വീകരണം

പൂന്താനം സ്മാരക സമിതിയുടെ നേതൃത്വത്തിൽ. കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം. 2016 ആഗസ്റ്റ് 20 ശനിയാഴ്ച്ച വൈകീട്ട് നാല മണിക്ക് കീഴാറ്റൂർ സെൻ‌ട്രലിൽ.

Monday, March 7, 2011

പൂന്താനം സ്മാരകഗ്രന്ഥാലയം സുവര്‍ണ ജൂബിലി മന്ദിരം


കീഴാറ്റൂര്‍ പൂന്താനം സ്മാരക ഗ്രന്ഥാലയം സുവര്‍ണ ജൂബിലി മന്ദിരം കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എ.കെ.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സിലിന്റെ കെട്ടിട ഗ്രാന്റ് അഞ്ചുലക്ഷം രൂപയും പട്ടിക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെ സംഭാവന ഒരുലക്ഷം രൂപയും അന്തരിച്ച അഡ്വ. പി.ജി.പണിക്കരുടെ സ്മരണാര്‍ഥം വി.കണ്ണന്‍കുട്ടിയും കുടുംബവും നല്‍കിയ അരലക്ഷം രൂപയും നാട്ടുകാരുടെ ഉദാരമായ സംഭാവനയും സ്വീകരിച്ച് 10 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രി ഇ.അഹമ്മദിന്റെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് ഒരുലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ചുറ്റുമതിലും കവാടവും പട്ടിക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.അബ്ദുല്‍ഹമീദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി വി.രാജേന്ദ്രന്‍ പതാക ഉയര്‍ത്തി. സി.വി.സദാശിവന്‍, വി.കണ്ണന്‍കുട്ടി, സി.വാസുദേവന്‍, മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍, പാറമ്മല്‍ കുഞ്ഞിപ്പ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കീഴാറ്റൂരില്‍ നടന്ന ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെമിനാര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.രമണന്‍ അധ്യക്ഷതവഹിച്ചു. സമദ് മങ്കട, കെ.ടി.ജയകൃഷ്ണന്‍, പി.വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

ലൈബ്രറി പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കോട്ടയ്ക്കല്‍ പത്മനാഭന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി എന്‍.പ്രമോദ്ദാസ്, ജോ. സെക്രട്ടറി കെ.മൊയ്തുട്ടി, താലൂക്ക് സെക്രട്ടറി കെ.വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.

കവിസമ്മേളനം ജി.കെ. രാംമോഹന്‍ ഉദ്ഘാടനം ചെയ്തു. ആളൂര്‍ പ്രഭാകരന്‍ അധ്യക്ഷതവഹിച്ചു. രാജഗോപാല്‍ നാട്ടുകല്‍, പി.പി.ജാനകിക്കുട്ടി, അശോക്കുമാര്‍ പെരുവ, പ്രഭാകരന്‍ നറുകര, കെ.എം.സേതുമാധവന്‍, എസ്.സഞ്ജയ്, സുരേഷ് ചമ്പത്ത്, സത്യന്‍ എരവിമംഗലം, ഇന്ദു ശ്രീനാഥ്, ശിവന്‍ പൂന്താനം, പി.എസ്.വിജയകുമാര്‍ എന്നിവര്‍ കവിതകളവതരിപ്പിച്ചു.

സാംസ്‌കാരിക സമ്മേളനം ഫോക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ വി.എം.കുട്ടി ഉദ്ഘാടനം ചെയ്തു. കീഴാറ്റൂര്‍ അനിയന്‍ അധ്യക്ഷതവഹിച്ചു. പ്രൊ. പാലക്കീഴ് നാരായണന്‍ പൂന്താനം സ്മാരക പ്രഭാഷണം നടത്തി. പി.നാരായണനുണ്ണി, വി.എം.ദാമോദരന്‍, കെ.എം.വിജയകുമാര്‍, എം.ശ്രീകുമാരനുണ്ണി, പി.എസ്.പ്രീതി തുടങ്ങിയവര്‍ പ്രസംഗിച്ചു. കോഴിക്കോട് പൂക്കാട് കലാലയത്തിന്റെ 'നെല്ല്' നാടകവും അരങ്ങേറി.

Monday, October 18, 2010

എഴുത്തിനിരുത്തല്‍ വിവാദം

പൂന്താനം ഇല്ലത്തെ സരസ്വതി മണ്ഡപത്തില്‍ ഒരു കുട്ടിയെ എഴുത്തിനിരുത്താന്‍ തയ്യാറാവാതിരുന്നത് ഒരുവിഭാഗം സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കി. സംഭവത്തെത്തുടര്‍ന്ന് പിന്നീട്‌നടന്ന കവിസമ്മേളനം ഒരുവിഭാഗം ബഹിഷ്‌കരിക്കുകയും ചെയ്തു.

മേലാറ്റൂര്‍ എസ്.ഐ സുനില്‍രാജിന്റെ മകന്‍ മുനവറിനെയാണ് സരസ്വതി മണ്ഡപത്തില്‍ എഴുത്തിനിരുത്താന്‍ ദേവസ്വം അധികൃതര്‍ വിസമ്മതിച്ചത്. ഏറെനേരത്തെ തര്‍ക്കത്തിനുശേഷം ഇവര്‍ ഇല്ലത്തെ പുറത്തളത്തില്‍ മകനെ എഴുത്തിനിരുത്തി മടങ്ങി.

ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ഗുരുവായൂര്‍ ദേവസ്വത്തിന്റെ നേതൃത്വത്തിലാണ് വിദ്യാരംഭച്ചടങ്ങുകള്‍ നടന്നത്. രണ്ടാമത്തെ നമ്പറായാണ് എസ്.ഐയുടെ മകന്റെ പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ആദ്യാക്ഷരം കുറിക്കാന്‍ ഒരുങ്ങിയെത്തിയ എസ്.ഐയെയും കുടുംബത്തേയും ദേവസ്വം അധികൃതര്‍ സരസ്വതി മണ്ഡപത്തിലേക്ക് കടക്കാന്‍ അനുവദിച്ചില്ല. സരസ്വതി മണ്ഡപത്തിന് ക്ഷേത്രത്തിന്റെ പരിശുദ്ധിയുള്ളതിനാല്‍ ആചാരങ്ങള്‍ പാലിക്കണമെന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു.

തുടര്‍ന്ന് അല്പനേരം തര്‍ക്കമുണ്ടായി. സരസ്വതി മണ്ഡപത്തിലല്ലെങ്കില്‍ പുറത്ത് സൗകര്യം ചെയ്തുതരണമെന്ന എസ്.ഐയുടെ ആവശ്യവും ദേവസ്വം അധികൃതര്‍ പരിഗണിച്ചില്ല. തുടര്‍ന്ന് എസ്.ഐയും ഒപ്പമെത്തിയവരും ഇല്ലത്തിന്റെ പുറത്ത് എഴുത്തിനിരുത്തല്‍ ചടങ്ങ് പൂര്‍ത്തിയാക്കി മടങ്ങി.

ആലപ്പുഴ ജില്ലയില്‍നിന്ന് എത്തിയവരാണ് എസ്.ഐയും കുടുംബവും. മകന്റെ വിദ്യാരംഭം പൂന്താനം ഇല്ലത്ത് നടത്തണമെന്ന ആഗ്രഹത്തിന് ഇത്തരം പ്രതികരണം ലഭിച്ചത് മാനസികമായി തളര്‍ത്തിയതായി എസ്.ഐ പറഞ്ഞു. കുട്ടിയുടെ പേര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അഹിന്ദുവാണെന്ന കാര്യം ഭാരവാഹികളെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍ രജിസ്റ്ററില്‍ എസ്.ഐയുടെ മകന്‍ എന്ന് മാത്രമാണ് ഉണ്ടായിരുന്നതെന്നും അഹിന്ദു ആയതിനാല്‍ ആചാരങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്തതെന്നും ദേവസ്വം അധികൃതര്‍ പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് വിദ്യാരംഭച്ചടങ്ങുകളുടെ ഭാഗമായി പൂന്താനം ഇല്ലത്ത് നടന്ന കവിസമ്മേളനം ഒരുവിഭാഗം ബഹിഷ്‌കരിച്ചു. പി.എസ്.വിജയകുമാര്‍, അശോക്കുമാര്‍ പെരുവ, സുരേഷ് ചമ്പത്ത്, ഇന്ദുനാഥ് എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങിയത്.

മാതൃഭൂമി

Friday, January 29, 2010

പൂന്താനം ഇല്ലം മലയാളത്തിന്റെ അഭിമാന കേന്ദ്രമാക്കണം-സ്മാരകസമിതി

ഭക്തകവി പൂന്താനത്തിന്റെ ജന്മഗൃഹം മലയാളഭാഷയ്ക്കും മലയാളികള്‍ക്കും അഭിമാനിക്കാവുന്ന വിധത്തിലുള്ള തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്നതാണ് പൂന്താനം സ്മാരകസമിതിയുടെ ലക്ഷ്യമെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. പൂന്താനം കേസ് മതനിരപേക്ഷതയേ്ക്കറ്റ പ്രഹരമാണ്. 400വര്‍ഷമായി വിസ്മൃതിയിലാണ്ടുകിടന്നിരുന്ന പൂന്താനത്തിന്റെ ജന്മഗൃഹം സാംസ്‌കാരിക കേരളത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സ്മാരകസമിതിക്ക് കഴിഞ്ഞിട്ടുണ്ട്.

1994 മുതല്‍ 12വര്‍ഷം മതേതര രീതിയിലാണ് പൂന്താനം സാഹിത്യോത്സവം നടന്നുവന്നത്. ഗുരുവായൂര്‍ ദേവസ്വം നേരിട്ട് സാഹിത്യോത്സവം നടത്തണമെന്നും എന്നാല്‍ നാട്ടുകാരുടെ പങ്കാളിത്തത്തോടെ മതനിരപേക്ഷമായ രീതിയില്‍ വേണം സംഘടിപ്പിക്കേണ്ടതെന്നും അവര്‍ ആവശ്യപ്പെട്ടു.

പൂന്താനം ഒരു @ഷികവിയാണ്. ആനിലയ്ക്ക് പൂന്താനം ഇല്ലം മലയാളിയുടെ പൊതുസ്വത്താണ്. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ സ്വകാര്യസ്വത്തായി ഇല്ലം മാറുന്നത് ദൂരവ്യാപകമായ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കും.

പൂന്താനം കേസില്‍ ഗുരുവായൂര്‍ ദേവസ്വം എടുത്ത നിലപാട് അപലപനീയമാണ്. സര്‍ക്കാരിന്റെ ദേവസ്വം നയങ്ങള്‍ക്കനുസരിച്ചുള്ളതാണോ അതെന്ന കാര്യം ബന്ധപ്പെട്ടവര്‍ പരിശോധിക്കണം.

ഇല്ലത്ത് യാതൊരു നിര്‍മ്മാണപ്രവര്‍ത്തനവും ദേവസ്വം നടത്തിയിട്ടില്ല. മൂന്നുവര്‍ഷം മുന്‍പ് ആന ചവുട്ടിമെതിച്ച ഇല്ലപ്പൂമുഖവും പത്തായപ്പുരയും പുതുക്കപ്പണിയാനുള്ള സന്മനസ്സുപോലും കാണിച്ചിട്ടില്ല. ഈ അനാസ്ഥക്കെതിരെ സ്മാരകസമിതി പ്രക്ഷോഭത്തിന് തയ്യാറാകുമെന്നും അവര്‍ പറഞ്ഞു. കേസ്സിന്റെ വിധിയെ നിയമപരമായി നേരിടും. അതോടൊപ്പം ഈ പ്രശ്‌നം ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കാനും സ്മാരക സമിതി തയ്യാറാവുമെന്നും ഭാരവാഹികളായ സി.വി. സദാശിവന്‍, പാലക്കീഴ് നാരായണന്‍, സി. വാസുദേവന്‍, കൃഷ്ണന്‍ നമ്പൂതിരി, കീഴാറ്റൂര്‍ അനിയന്‍, വിജയകുമാര്‍ പി.എസ്, മേലാറ്റൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

മാ‍തൃഭൂമി വാർത്ത.

Wednesday, January 27, 2010

പൂന്താനം സാഹിത്യോത്സവം ദേവസ്വം നേരിട്ട്‌ നടത്തണമെന്ന്‌ കോടതി

പൂന്താനം ഇല്ലത്ത്‌ പൂന്താനം സാഹിത്യോത്സവം ഗുരുവായൂര്‍ ദേവസ്വം നേരിട്ട്‌ നടത്തണമെന്ന്‌ പെരിന്തല്‍മണ്ണ മുന്‍സിഫ്‌ കോടതി ഉത്തരവിട്ടു. പൂന്താനം ഭക്തന്‍ എന്ന നിലയില്‍ പെരിന്തല്‍മണ്ണയിലെ പി.വി. ശശിധരന്‍ നല്‍കിയ കേസിലാണ്‌ മുന്‍സിഫ്‌ കെ. പ്രിയയുടെ വിധി.

പൂന്താനം ഇല്ലത്ത്‌ പവിത്രത കാത്തുസൂക്ഷിക്കേണ്ടതുണ്ട്‌. മതപരവും ധര്‍മപരവുമായ കാര്യങ്ങളേ നടത്തൂ എന്ന്‌ ഉറപ്പുവരുത്താന്‍ ഗുരുവായൂര്‍ ദേവസ്വത്തിന്‌ ബാധ്യതയുണ്ട്‌. പൂന്താനം ഇല്ലം ആധാരപ്രകാരമാണ്‌ ദേവസ്വത്തിന്‌ ലഭിച്ചത്‌. അതുകൊണ്ടുതന്നെ ആധാരത്തില്‍ പറഞ്ഞിട്ടുള്ള മതപരവും ധര്‍മപരവുമായ കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്‌. അതിനാല്‍ അന്യായക്കാരന്റെ വാദങ്ങള്‍ ശരിവെച്ചുകൊണ്ടാണ്‌ കോടതി ഉത്തരവ്‌.

ഗുരുവായൂര്‍ ദേവസ്വം, ദേവസ്വം ചെയര്‍മാന്‍, പൂന്താനം സ്‌മാരക കമ്മിറ്റി, പൂന്താനം ഇല്ലം ക്ഷേത്രസംരക്ഷണ സമിതി എന്നിവരെ പ്രതികളാക്കിക്കൊണ്ടായിരുന്നു കേസ്‌. പൂന്താനം ഇല്ലത്ത്‌ അനുചിതമായ പരിപാടികളും യോഗങ്ങളും നടത്താന്‍ ദേവസ്വം രാഷ്ട്രീയമായ കാരണങ്ങളാല്‍ അനുവാദം നല്‍കാന്‍ സാധ്യതയുണ്ടെന്നും അത്‌ തടയണമെന്നുമായിരുന്നു അന്യായക്കാരന്റെ ആവശ്യം.

കോടതിയില്‍ അന്യായക്കാരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട്‌ പത്രിക കൊടുക്കുകയോ തെളിവ്‌ നല്‍കുകയോ ദേവസ്വം ചെയ്‌തിരുന്നില്ല. അന്യായക്കാരന്‍ ആവശ്യപ്പെട്ടതുപോലെ വിധിക്കുന്നത്‌ സമ്മതമാണെന്ന്‌ കോടതിയില്‍ എഴുതിക്കൊടുക്കുകയും ചെയ്‌തിരുന്നു.

പൂന്താനത്തിന്റെ അനന്തരാവകാശികള്‍ ഗുരുവായൂര്‍ ദേവസ്വത്തിന്‌ കൈമാറിയതാണ്‌ ഇല്ലവും ഇല്ലപ്പറമ്പും. ഇതിന്റെ വികസനത്തിനായി ദേവസ്വം പിന്നീട്‌ കുറച്ചു സ്ഥലം അക്വയര്‍ചെയ്‌ത്‌ ഏറ്റെടുക്കുകയും ചെയ്‌തു. 1993 മുതല്‍ ഇവിടെ പൂന്താനം ദിനാഘോഷങ്ങള്‍ നടന്നുവരുന്നുണ്ട്‌. നാട്ടുകാരുടെ സഹകരണത്തോടെ നടത്തിവന്ന പൂന്താനം ദിനാഘോഷത്തെ എതിര്‍ത്തുകൊണ്ടായിരുന്നു ഹര്‍ജി.

മാതൃഭൂമി വാർത്ത