Thursday, May 22, 2008

പാറക്കുഴി-മത്തളി റോഡ്‌ തുറന്നു

കീഴാറ്റൂര്‍ പഞ്ചായത്തില്‍ എം.എല്‍.എയുടെ പ്രത്യേക ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിച്ച പാറക്കുഴി-മത്തളി റോഡ്‌ വി. ശശികുമാര്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി. നാരായണനുണ്ണി അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം സി.കെ. രമാദേവി, കക്കാട്ടില്‍ കുഞ്ഞിപ്പ, കെ.എം. വിജയകുമാര്‍, പാറമ്മല്‍ കുഞ്ഞിപ്പ എന്നിവര്‍ പ്രസംഗിച്ചു. വി. ശ്രീധരന്‍ സ്വാഗതവും കെ. അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.

Friday, May 16, 2008

പേപ്പര്‍ബാഗ്‌ നിര്‍മാണ യൂണിറ്റ്‌ തുടങ്ങി

പൂന്താനം സ്‌മാരക ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ സ്വയംതൊഴില്‍ സംരംഭമായി തുടങ്ങിയ പേപ്പര്‍ബാഗ്‌ നിര്‍മാണ യൂണിറ്റ്‌ വാര്‍ഡ്‌ മെമ്പര്‍ കെ. രമാദേവി ഉദ്‌ഘാടനം ചെയ്‌തു. ഗ്രന്ഥാലയം പ്രസിഡന്റ്‌ കെ.എം. വിജയകുമാര്‍ അധ്യക്ഷനായി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കീഴാറ്റൂര്‍ അനിയന്‍, എം. ശ്രീകുമാരനുണ്ണി, പാറമ്മല്‍ കുഞ്ഞിപ്പ, എം. വിജയലക്ഷ്‌മി, സന്ധ്യ, പി. വേണുഗോപാല്‍, പി.എസ്‌. പ്രീതി എന്നിവര്‍ പ്രസംഗിച്ചു.

Saturday, May 10, 2008

പൂന്താനം സാഹിത്യോത്സവം ഈ മാസം നടക്കില്ല

ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ പെരിന്തല്‍മണ്ണ പൂന്താനം ഇല്ലത്ത്‌ നടത്തിവരാറുള്ള പൂന്താനം സാഹിത്യോത്സവം ഈ മാസം നടത്തുന്നില്ലെന്ന്‌ ദേവസ്വം ഭരണസമിതി യോഗത്തിനുശേഷം ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അറിയിച്ചു.
പൂന്താനം ഇല്ലത്ത്‌ നിര്‍മ്മാണപ്രവൃത്തികള്‍ നടക്കുന്നതുകൊണ്ടാണ്‌ സാഹിത്യോത്സവം നടത്താത്തത്‌. അതേസമയം പൂന്താനം സാഹിത്യോത്സവം നടത്തണമെന്ന്‌ ആവശ്യമുയരുന്നുണ്ട്‌. നിര്‍മ്മാണപ്രവൃത്തിയുടെ പേരുപറഞ്ഞ്‌ സാഹിത്യോത്സവം മനഃപൂര്‍വ്വം നടത്താതിരിക്കുകയാണെന്ന ആക്ഷേപവും ഉണ്ട്‌.

Thursday, May 1, 2008

കന്നുകാലി വികസന ഉപകേന്ദ്രം അകലെ: ആവശ്യക്കാര്‍ വലയുന്നു

കീഴാറ്റൂര്‍ പഞ്ചായത്തിലെ ഉള്‍പ്രദേശമായ വടക്കുംഭാഗത്ത്‌ നിര്‍മിച്ച ഊര്‍ജിത കന്നുകാലി വികസന ഉപകേന്ദ്രത്തില്‍ എത്തിപ്പെടാന്‍ കഴിയാതെ ആവശ്യക്കാര്‍ വലയുന്നു. 2003-04 സാമ്പത്തിക വര്‍ഷത്തിലുള്‍പ്പെടുത്തി കീഴാറ്റൂര്‍ ഗ്രാമപ്പഞ്ചായത്താണ്‌വടക്കുംഭാഗത്ത്‌ ഉപകേന്ദ്രം സ്ഥാപിച്ചത്‌. ഈ ഭാഗത്തേക്ക്‌ ബസ്‌ സൗകര്യമില്ലാത്തതിനാല്‍ ദൂരസ്ഥലങ്ങളിലുള്ളവര്‍ക്ക്‌ ഉപകേന്ദ്രത്തിലെത്താന്‍ നന്നേ പാടുപെടേണ്ടിവരുന്ന അവസ്ഥയാണിപ്പോള്‍. അതുകൊണ്ടുതന്നെ ഈ ഉപകേന്ദ്രം വേണ്ടവിധം പ്രയോജനപ്പെടാതെ കിടക്കുകയാണ്‌. ഉപകേന്ദ്രത്തിന്റെ ചുമതലയുള്ളവര്‍ അധികസമയത്തും ഫീല്‍ഡ്‌ വര്‍ക്കിലാണെന്നതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവര്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയുമുണ്ട്‌. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഉപകേന്ദ്രത്തില്‍ കന്നുകാലികളെ കെട്ടിയിട്ട്‌ കുത്തിവെപ്പു നടത്താനുള്ള സൗകര്യമില്ലാത്തതിനാല്‍ ഈ ആവശ്യങ്ങള്‍ക്കെല്ലാം പ്രദേശവാസികള്‍ ഇപ്പോഴും ആക്കപ്പറമ്പിലുള്ള വെറ്ററിനറി ഡിസ്‌പെന്‍സറിയെയാണ്‌ ആശ്രയിക്കുന്നത്‌. മണിയാണീരിക്കടവിലെ പാലം ഗാതഗതയോഗ്യമാവുകയും ഉപകേന്ദ്രത്തില്‍ കുത്തിവെപ്പിനുള്ള സൗകര്യം ഒരുക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഈ ഊര്‍ജിത കന്നുകാലി വികസന ഉപകേന്ദ്രത്തെ ആവശ്യക്കാര്‍ക്ക്‌ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുകയുള്ളൂ..