മദമിളകിയ ആന ചരിത്ര സ്മാരകമായ പൂന്താനം ഇല്ലത്തിന്റെ പൂമുഖവും തൊട്ടടുത്ത പത്തായപ്പുരയും തകര്‍ത്തു. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. പൂന്താനം സ്വര്‍ഗാരോഹണം ചെയ്തെന്ന് വിശ്വസിക്കുന്ന സ്ഥലത്തെ മണ്ഡപവും തകര്‍ത്തിട്ടുണ്ട്.
പൂന്താനം ദിനത്തോടനുബന്ധിച്ച് പൂന്താനം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടക്കുന്ന എഴുന്നള്ളിപ്പിന് ഗുരുവായൂരില്‍നിന്ന് കൊണ്ടുവന്ന മൂന്ന് ആനകളില്‍ ജൂനിയര്‍ അച്യുതന്‍ എന്ന ആനയാണ് അതിക്രമം കാട്ടിയത്. ദേവസ്വത്തിലെ ജൂനിയര്‍ കേശവന്‍, അര്‍ജുനന്‍ എന്നീ ആനകള്‍ക്കൊപ്പം രണ്ട് ദിവസം മുമ്പാണ് ജൂനിയര്‍ അച്യുതന്‍ പൂന്താനത്തെത്തിയത്. ചൊവ്വാഴ്ച രാവിലെ എഴുന്നള്ളിപ്പിന് കൊണ്ടുപോകാന്‍ കോലുവിലക്കിട്ട് നിര്‍ത്തിയ ആന അനുസരണക്കേട് കാണിച്ചു. പിന്നീട് ഇല്ലത്തിന്റെ പൂമുഖവും പത്തായപ്പുരയുടെ ഒരു ഭാഗവും തകര്‍ക്കുകയായിരുന്നു. ഇല്ലപ്പറമ്പിലെ മരങ്ങളും ആന ഒടിച്ചു. പാപ്പാന്മാരുടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനുശേഷം ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് ആനയെ തളയ്ക്കാനായത്.
ദേവസ്വത്തിലെ മൃഗസംരക്ഷണ വിഭാഗം അസി. മാനേജര്‍ ഉണ്ണികൃഷ്ണന്‍, സൂപ്രണ്ട് രാജഗോപാലന്‍, ഡോ. വിവേക്, സുരേഷ്, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ എന്‍ രതീഷ്, ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളായ എന്‍ വാസുദേവന്‍, കെ പി ദിവാകരന്‍ (പാനൂര്‍) എന്നിവര്‍ സംഭവമറിഞ്ഞ് പൂന്താനത്തെത്തി.
ഇടഞ്ഞ ജൂനിയര്‍ അച്യുതന് 26 വയസ്സുണ്ട്. ഇതുവരെ ഇത്തരം അതിക്രമങ്ങളൊന്നും ആനയില്‍നിന്നും ഉണ്ടായിട്ടില്ലെന്ന് പാപ്പാന്മാരും ദേവസ്വം അധികൃതരും പറഞ്ഞു. ഇല്ലത്തിനും മറ്റ് വസ്തുക്കള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളതായി അധികൃതര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ സിഐ റജി ജേക്കബിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
No comments:
Post a Comment