പൂന്താനം ഇല്ലവും ഇല്ലപ്പറമ്പും സാംസ്കാരിക കേന്ദ്രമാക്കി നിലനിര്‍ത്തണമെന്ന് പൂന്താനം സ്മാരക കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഗുരുവായൂര്‍ ദേവസ്വം പെരിന്തല്‍മണ്ണ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലവുമായി പൂന്താനം സ്മാരക കമ്മിറ്റിയെ ബന്ധിപ്പിക്കുന്നത് ഗൂഢലക്ഷ്യങ്ങളോടെയാണ്. ഈ വിവാദം തികച്ചും അടിസ്ഥാനരഹിതമാണ്. ആ സത്യവാങ്മൂലത്തില്‍ ഇല്ലാത്ത കാര്യം ഉണ്ട് എന്ന് ഒരു പത്രലേഖകന്‍ പ്രചരിപ്പിച്ചാണ് വിവാദമുണ്ടാക്കിയത്.
പൂന്താനം സ്മാരക കമ്മിറ്റിയുടെ ബാനറില്‍ പുരോഗമന സാഹിത്യസംഘം പ്രവര്‍ത്തിക്കുകയാണെന്ന വാദം അപഹാസ്യമാണ്. കമ്മിറ്റിയില്‍ കോണ്‍ഗ്രസുകാരും മുസ്ളിംലീഗുകാരും കമ്യൂണിസ്റ്റുകാരും ആര്‍എസ്എസുകാരും ഒരു രാഷ്ട്രീയകക്ഷിയിലും ഇല്ലാത്തവരും ഉണ്ട്. ജാതി-മത-രാഷ്ട്രീയത്തിനതീതമായ ഒരു സാംസ്കാരിക കൂട്ടായ്മയാണ് പൂന്താനസ്മരണയുടെ ഭാഗമായി രൂപംകൊണ്ടത്. ഈ കൂട്ടായ്മയെ ഭയപ്പെടുന്നവരാണ് ഇത്തരം പൊള്ളയായ വാദങ്ങളുയര്‍ത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
പൂന്താനം ഇല്ലം ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി അതിന്റെ ഭരണം കൈയടക്കാന്‍ മോഹിച്ചല്ല സ്മാരക കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. ജാതി-മത-വര്‍ഗ-വര്‍ണ വ്യത്യാസമില്ലാതെ എല്ലാ ഭാഷാസ്നേഹികള്‍ക്കും കയറിച്ചെല്ലാവുന്ന ഒരു സാംസ്കാരിക തീര്‍ഥാടനകേന്ദ്രമാക്കുകയാണ് ലക്ഷ്യം.
പൂന്താനം ഇല്ലത്തിന്റെ പവിത്രതയും പരിശുദ്ധിയും സംരക്ഷിക്കപ്പെടണമെന്ന ബോധം ഓരോ കേരളീയനുമുണ്ട്. പൂന്താനം ഇല്ലത്തെ ഒരു ക്ഷേത്രസങ്കേതമാക്കി വ്യാഖ്യാനിച്ച് ഒരു വിഭാഗത്തിന്റെ സ്വകാര്യസ്വത്താക്കി മാറ്റാനുള്ള നീക്കത്തെയാണ് കമ്മിറ്റി എതിര്‍ക്കുന്നത്. ഭക്തമഹാകവിയുടെ വാസസ്ഥലമെന്ന നിലയില്‍ അത് ദേശീയ സ്മാരകമാണ്. ആ നിലക്കുതന്നെ ഇല്ലം സംരക്ഷിക്കപ്പെടണം.
ഒരു വ്യാഴവട്ടക്കാലം പൂന്താനം സാഹിത്യോത്സവം സംഘടിപ്പിച്ച്, വിസ്മൃതിയിലായിരുന്ന പൂന്താനം ഇല്ലത്തെ കേരളത്തിന്റെ ശ്രദ്ധയില്‍കൊണ്ടുവന്നത് സ്മാരക കമ്മിറ്റിയാണ്. പൂന്താനത്തെ ചിലരുടെ സ്വാര്‍ഥതാല്പര്യത്തിനുവേണ്ടി കോടതികയറ്റി അപമാനിച്ചവരാണ് മാപ്പുപറയേണ്ടതെന്നും സ്മാരക കമ്മിറ്റി ചെയര്‍മാന്‍ സി വി സദാശിവന്‍, ജനറല്‍ സെക്രട്ടറി പാലക്കീഴ് നാരായണന്‍, സെക്രട്ടറി സി വാസുദേവന്‍, വൈസ്ചെയര്‍മാന്‍ മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍, ട്രഷറര്‍ കെ നാരായണന്‍, മറ്റു ഭാരവാഹികളായ മേലാറ്റൂര്‍ രാധാകൃഷ്ണന്‍, കിഴാറ്റൂര്‍ അനിയന്‍, വി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പറഞ്ഞു.
No comments:
Post a Comment