Sunday, October 12, 2008

റാങ്ക്‌ ലിസ്റ്റ്‌ വൈകുന്നു; ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

2007ല്‍ നടന്ന പി.എസ്‌.സി പരീക്ഷകളുടെ ലിസ്റ്റുകള്‍ അകാരണമായി വൈകുന്നത്‌ ഉദ്യോഗാര്‍ഥികളെ ആശങ്കയിലാക്കുന്നു. 2007 മാര്‍ച്ചില്‍ നടന്ന വില്ലേജ്‌മാന്‍ എഴുത്തുപരീക്ഷയുടെ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ നിയമനം നടത്താന്‍ ഒന്നരവര്‍ഷമാണ്‌ പി.എസ്‌.സി എടുത്തത്‌. 2007 ജൂലായ്‌ 14ന്‌ നടന്ന ലാസ്റ്റ്‌ഗ്രേഡ്‌ തസ്‌തികയിലേക്കുള്ള എഴുത്തുപരീക്ഷ കഴിഞ്ഞ ഒരുവര്‍ഷത്തോളം കഴിഞ്ഞ്‌ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ഇതുവരെ റാങ്ക്‌ പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്‌.സിക്ക്‌ കഴിഞ്ഞിട്ടില്ല. 2008 സപ്‌തംബറില്‍ 10 ജില്ലകളിലെ റാങ്ക്‌ പട്ടികകള്‍ പി.എസ്‌.സി അംഗീകരിച്ചു. എങ്കിലും പാലക്കാട്‌ ജില്ലയിലെ റാങ്ക്‌ പട്ടിക മാത്രമാണ്‌ പ്രസിദ്ധീകരിച്ചത്‌. റാങ്ക്‌ പട്ടിക അംഗീകരിച്ച ദിവസം മുതല്‍ ചുരുങ്ങിയത്‌ ഒരുവര്‍ഷവും പരമാവധി മൂന്നുവര്‍ഷവുമാണ്‌ റാങ്ക്‌ പട്ടികയ്‌ക്ക്‌ കാലാവധി ലഭിക്കുക. അതുകൊണ്ടുതന്നെ മലപ്പുറം ഉള്‍പ്പെടെയുള്ള മറ്റുജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ ആശങ്കയിലാണ്‌. 2007 ഏപ്രിലില്‍ വി.ഇ.ഒ തസ്‌തികയിലേക്കും അതിനുശേഷം എല്‍.ഡി. ക്ലാര്‍ക്ക്‌ തസ്‌തികയിലേക്കും നടന്ന എഴുത്തുപരീക്ഷകളുടെ ചുരുക്കപ്പട്ടികപോലും ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. പി.എസ്‌.സിയുടെ ഈ മെല്ലെപ്പോക്ക്‌ നയം 2007ലും 2008ലും നടന്ന മറ്റു പരീക്ഷകളെയും ബാധിക്കുമോ എന്ന ഭീതിയിലാണ്‌ ഉദ്യോഗാര്‍ഥികള്‍.

ഒ.എം.ആര്‍ പരീക്ഷപേപ്പര്‍ ഉപയോഗിച്ച്‌ പി.എസ്‌.സി പരീക്ഷ നടത്താന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. കമ്പ്യൂട്ടര്‍ മൂല്യനിര്‍ണയമാണ്‌ ഈ പരീക്ഷകള്‍ക്ക്‌ നടക്കുന്നതെങ്കില്‍പ്പോലും ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതിനും നിയമനം നടത്തുന്നതിനും ഇത്രയും കാലവിളംബം ഉണ്ടാകുന്നത്‌ ഉദ്യോഗാര്‍ത്ഥികളെ വിഷമത്തിലാക്കുന്നു. വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യത്തിന്‌ ജീവനക്കാരില്ലാതെ പൊതുജനം ബുദ്ധിമുട്ടുന്ന ഈ സമയത്തെങ്കിലും പി.എസ്‌.സി യുടെ പ്രവര്‍ത്തനങ്ങള്‍ ത്വരപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ്‌ ഉദ്യോഗാര്‍ഥികളുടെ ആവശ്യം.

ഇനിയും ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതിനും ഒഴിവുള്ള തസ്‌തികകളില്‍ നിയമനം നടത്തുന്നതിനും കാലതാമസം നേരിടുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങുമെന്ന്‌ മലപ്പുറം ലാസ്റ്റ്‌ ഗ്രേഡ്‌ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുവേണ്ടി സുനില്‍കുമാര്‍ ടി, സുജേഷ്‌ വി, ജ്യോതിഷ്‌ കെ. എന്നിവര്‍ അറിയിച്ചു.

No comments: