Monday, March 9, 2009
പൂന്താനം സാഹിത്യോത്സവം സമാപിച്ചു
15-ാമത് പൂന്താനം സാഹിത്യോത്സവം കീഴാറ്റൂര്‍ പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ കെ.പി.ഉദയഭാനു ഉദ്ഘാടനംചെയ്തു. വി.ശശികുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. പൂന്താനം കവിതാ അവാര്‍ഡ് അബ്ദുസമദ് സമദാനി കെ.വി.ബേബിക്ക് സമ്മാനിച്ചു. അദ്ദേഹത്തിന്റെ 'ജലരേഖകള്‍' എന്ന കൃതിക്കാണ് അവാര്‍ഡ്.അബ്ദുസമദ് സമദാനി പൂന്താനം അനുസ്മരണപ്രഭാഷണം നടത്തി. ഏഴാച്ചേരി രാമചന്ദ്രന് സ്മാരകപ്രഭാഷണം നടത്തി. പൂന്താനം കവിതകളിലൂടെ വികാര വിമലീകരണമാണ് നടക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മേലാറ്റൂര്‍ രാധാകൃഷ്ണന്, സി.വി.സദാശിവന്, കെ.വി.ബേബി, കെ.നാരായണന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച കവിസദസ്സ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനംചെയ്തു. മേലാറ്റൂര്‍ രാധാകൃഷ്ണന് അധ്യക്ഷതവഹിച്ച സദസ്സില്‍ ഏഴാച്ചേരി രാമചന്ദ്രന്, കെ.വി.രാമകൃഷ്ണന്, പി.പി.കെ.പൊതുവാള്, പി.സി.അരവിന്ദന്, പി.പി.ജാനകിക്കുട്ടി തുടങ്ങി അമ്പതോളം കവികള്‍ കവിത അവതരിപ്പിച്ചു. സി.വാസുദേവന്‍, എസ്.വി.മോഹനന് തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈകുന്നേരം 6.30ന് നടന്ന സമാപനസമ്മേളനം ടി.കെ.ഹംസ എം.പി ഉദ്ഘാടനംചെയ്തു. കീഴാറ്റൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. ഹംസ, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി. നാരായണനുണ്ണി, ജില്ലാപഞ്ചായത്തംഗം ഷെയ്ഖ് മുഹമ്മദ്, മേലാറ്റൂര്‍ പദ്മനാഭന്, പാലക്കീഴ് നാരായണന്, വി.കൃഷ്ണന് നമ്പൂതിരി തുടങ്ങിയവര്‍ പ്രസംഗിച്ചു. രാത്രി 8.30ന് കേരള കലാമണ്ഡലം അവതരിപ്പിച്ച ഓട്ടന്തുള്ളല്, ചാക്യാര്‍കൂത്ത് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.
Thursday, March 5, 2009
പൂന്താനം സാഹിത്യോത്സവം ഏറെ പുതുമകളോടെ
ഗുരുവായൂര്‍ ദേവസ്വം പൂന്താനം സാഹിത്യോത്സവ നടത്തിപ്പില്‍നിന്ന് പിന്മാറിയതിനെത്തുടര്ന്ന് സാഹിത്യോത്സവം ഏറ്റെടുത്ത് നടത്താന്‍ പൂന്താനത്തിന്റെ നാട്ടുകാര്‍ മുന്നോട്ടുവന്നു. ഏഴിന് ശനിയാഴ്ച വൈകീട്ട് 'പൂന്താന ദീപപ്രയാണ'മെന്ന പേരില്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക ഘോഷയാത്രയാണ് ഈ വര്‍ഷത്തെ സാഹിത്യോത്സവത്തിലെ ശ്രദ്ധേയമായ പരിപാടി. പൂന്താനം ഇല്ലത്തുനിന്ന് കൊളുത്തിയെടുക്കുന്ന ദീപം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷപൂര്‍വം സമ്മേളനനഗരിയില്‍ കൊണ്ടുവന്ന് സ്ഥാപിക്കുന്ന ചടങ്ങില്‍ കവിയുടെ ഗ്രാമം മുഴുവന്‍ പങ്കുചേരും. പൂന്താനം സാഹിത്യോത്സവത്തിന് മുന്നോടിയായി പൂന്താന സന്ദേശപ്രചാരണമുദ്ദേശിച്ചുകൊണ്ട് മൂന്ന് പരിപാടികള്‍ സ്മാരകകമ്മിറ്റി സംഘടിപ്പിച്ചു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനാണ് പ്രചാരണപരിപാടി ഉദ്ഘാടനംചെയ്തത്. ശനിയാഴ്ച രണ്ടുമണിക്ക് നടക്കുന്ന കുട്ടികളുടെ കാവ്യ-സംഗീതാലാപനം ആര്യാടന് ഷൗക്കത്ത് ഉദ്ഘാടനംചെയ്യും. ഐഡിയ സ്റ്റാര്‍സിങ്ങര്‍ ഫെയിം അരുണ്ഗോപന് അധ്യക്ഷതവഹിക്കും. ഞായറാഴ്ച ആരംഭിക്കുന്ന സാഹിത്യോത്സവം ഗായകന് കെ.പി. ഉദയഭാനു ഉദ്ഘാടനംചെയ്യും. എം.പി. വീരേന്ദ്രകുമാര്‍ എം.പി പൂന്താനം കവിതാ അവാര്‍ഡ് സമ്മാനിക്കും. കീഴാറ്റൂര്‍ പഞ്ചായത്ത് സാംസ്കാരികനിലയത്തില്‍ (പൂന്താനം നഗരി) നടക്കുന്ന വിവിധ സമ്മേളനങ്ങളില്‍ പ്രഗല്ഭ സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ നായകര്‍ പങ്കെടുക്കും.
Subscribe to:
Posts (Atom)