Thursday, March 5, 2009

പൂന്താനം സാഹിത്യോത്സവം ഏറെ പുതുമകളോടെ

ഗുരുവായൂര്‍ ദേവസ്വം പൂന്താനം സാഹിത്യോത്സവ നടത്തിപ്പില്‍നിന്ന്‌ പിന്മാറിയതിനെത്തുടര്‍ന്ന്‌ സാഹിത്യോത്സവം ഏറ്റെടുത്ത്‌ നടത്താന്‍ പൂന്താനത്തിന്റെ നാട്ടുകാര്‍ മുന്നോട്ടുവന്നു. ഏഴിന്‌ ശനിയാഴ്‌ച വൈകീട്ട്‌ 'പൂന്താന ദീപപ്രയാണ'മെന്ന പേരില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയാണ്‌ ഈ വര്‍ഷത്തെ സാഹിത്യോത്സവത്തിലെ ശ്രദ്ധേയമായ പരിപാടി. പൂന്താനം ഇല്ലത്തുനിന്ന്‌ കൊളുത്തിയെടുക്കുന്ന ദീപം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷപൂര്‍വം സമ്മേളനനഗരിയില്‍ കൊണ്ടുവന്ന്‌ സ്ഥാപിക്കുന്ന ചടങ്ങില്‍ കവിയുടെ ഗ്രാമം മുഴുവന്‍ പങ്കുചേരും. പൂന്താനം സാഹിത്യോത്സവത്തിന്‌ മുന്നോടിയായി പൂന്താന സന്ദേശപ്രചാരണമുദ്ദേശിച്ചുകൊണ്ട്‌ മൂന്ന്‌ പരിപാടികള്‍ സ്‌മാരകകമ്മിറ്റി സംഘടിപ്പിച്ചു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനാണ്‌ പ്രചാരണപരിപാടി ഉദ്‌ഘാടനംചെയ്‌തത്‌. ശനിയാഴ്‌ച രണ്ടുമണിക്ക്‌ നടക്കുന്ന കുട്ടികളുടെ കാവ്യ-സംഗീതാലാപനം ആര്യാടന്‍ ഷൗക്കത്ത്‌ ഉദ്‌ഘാടനംചെയ്യും. ഐഡിയ സ്റ്റാര്‍സിങ്ങര്‍ ഫെയിം അരുണ്‍ഗോപന്‍ അധ്യക്ഷതവഹിക്കും. ഞായറാഴ്‌ച ആരംഭിക്കുന്ന സാഹിത്യോത്സവം ഗായകന്‍ കെ.പി. ഉദയഭാനു ഉദ്‌ഘാടനംചെയ്യും. എം.പി. വീരേന്ദ്രകുമാര്‍ എം.പി പൂന്താനം കവിതാ അവാര്‍ഡ്‌ സമ്മാനിക്കും. കീഴാറ്റൂര്‍ പഞ്ചായത്ത്‌ സാംസ്‌കാരികനിലയത്തില്‍ (പൂന്താനം നഗരി) നടക്കുന്ന വിവിധ സമ്മേളനങ്ങളില്‍ പ്രഗല്‌ഭ സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ നായകര്‍ പങ്കെടുക്കും.

No comments: