Monday, October 18, 2010

എഴുത്തിനിരുത്തല്‍ വിവാദം

പൂന്താനം ഇല്ലത്തെ സരസ്വതി മണ്ഡപത്തില്‍ ഒരു കുട്ടിയെ എഴുത്തിനിരുത്താന്‍ തയ്യാറാവാതിരുന്നത് ഒരുവിഭാഗം സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കി. സംഭവത്തെത്തുടര്‍ന്ന് പിന്നീട്‌നടന്ന കവിസമ്മേളനം ഒരുവിഭാഗം ബഹിഷ്‌കരിക്കുകയും ചെയ്തു.

മേലാറ്റൂര്‍ എസ്.ഐ സുനില്‍രാജിന്റെ മകന്‍ മുനവറിനെയാണ് സരസ്വതി മണ്ഡപത്തില്‍ എഴുത്തിനിരുത്താന്‍ ദേവസ്വം അധികൃതര്‍ വിസമ്മതിച്ചത്. ഏറെനേരത്തെ തര്‍ക്കത്തിനുശേഷം ഇവര്‍ ഇല്ലത്തെ പുറത്തളത്തില്‍ മകനെ എഴുത്തിനിരുത്തി മടങ്ങി.

ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ഗുരുവായൂര്‍ ദേവസ്വത്തിന്റെ നേതൃത്വത്തിലാണ് വിദ്യാരംഭച്ചടങ്ങുകള്‍ നടന്നത്. രണ്ടാമത്തെ നമ്പറായാണ് എസ്.ഐയുടെ മകന്റെ പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ആദ്യാക്ഷരം കുറിക്കാന്‍ ഒരുങ്ങിയെത്തിയ എസ്.ഐയെയും കുടുംബത്തേയും ദേവസ്വം അധികൃതര്‍ സരസ്വതി മണ്ഡപത്തിലേക്ക് കടക്കാന്‍ അനുവദിച്ചില്ല. സരസ്വതി മണ്ഡപത്തിന് ക്ഷേത്രത്തിന്റെ പരിശുദ്ധിയുള്ളതിനാല്‍ ആചാരങ്ങള്‍ പാലിക്കണമെന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു.

തുടര്‍ന്ന് അല്പനേരം തര്‍ക്കമുണ്ടായി. സരസ്വതി മണ്ഡപത്തിലല്ലെങ്കില്‍ പുറത്ത് സൗകര്യം ചെയ്തുതരണമെന്ന എസ്.ഐയുടെ ആവശ്യവും ദേവസ്വം അധികൃതര്‍ പരിഗണിച്ചില്ല. തുടര്‍ന്ന് എസ്.ഐയും ഒപ്പമെത്തിയവരും ഇല്ലത്തിന്റെ പുറത്ത് എഴുത്തിനിരുത്തല്‍ ചടങ്ങ് പൂര്‍ത്തിയാക്കി മടങ്ങി.

ആലപ്പുഴ ജില്ലയില്‍നിന്ന് എത്തിയവരാണ് എസ്.ഐയും കുടുംബവും. മകന്റെ വിദ്യാരംഭം പൂന്താനം ഇല്ലത്ത് നടത്തണമെന്ന ആഗ്രഹത്തിന് ഇത്തരം പ്രതികരണം ലഭിച്ചത് മാനസികമായി തളര്‍ത്തിയതായി എസ്.ഐ പറഞ്ഞു. കുട്ടിയുടെ പേര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അഹിന്ദുവാണെന്ന കാര്യം ഭാരവാഹികളെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍ രജിസ്റ്ററില്‍ എസ്.ഐയുടെ മകന്‍ എന്ന് മാത്രമാണ് ഉണ്ടായിരുന്നതെന്നും അഹിന്ദു ആയതിനാല്‍ ആചാരങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്തതെന്നും ദേവസ്വം അധികൃതര്‍ പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് വിദ്യാരംഭച്ചടങ്ങുകളുടെ ഭാഗമായി പൂന്താനം ഇല്ലത്ത് നടന്ന കവിസമ്മേളനം ഒരുവിഭാഗം ബഹിഷ്‌കരിച്ചു. പി.എസ്.വിജയകുമാര്‍, അശോക്കുമാര്‍ പെരുവ, സുരേഷ് ചമ്പത്ത്, ഇന്ദുനാഥ് എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങിയത്.

മാതൃഭൂമി

2 comments:

പ്രതികരണൻ said...

എഴുത്തിനിരുത്തൽ ഒരു മതപരചടങ്ങായതിനാൽ, അകത്തു പ്രവേശിപ്പിക്കാത്തതിൽ യാതൊരു തെറ്റുമില്ല.

Anonymous said...

ഹിന്ദു എന്ന് സര്‍ക്കാര്‍ രേഖ ഹാജരാക്കിയാല്‍ സരസ്വതി മണ്ഡപത്തിന്റെ "പവിത്രത" വീണ്ടെടുക്കാന്‍ കഴിയുമോ?? മതം മാറിയാല്‍ ഹിന്ദുവാകുമോ??

"അഹിന്ദുക്കള്‍ക്ക്‌ പ്രവേശനമില്ല" എന്ന ബോര്‍ഡുകള്‍ ദേവസ്വം ബോര്‍ഡ്‌ ക്ഷേത്രങ്ങളില്‍ നിന്നും എടുത്തു മാറ്റാന്‍ മറ്റൊരു ക്ഷേത്ര പ്രവേശന വിളംബരം അനിവാര്യമാണോ??

ഹിന്ദുവിനെന്താ കൊമ്പുണ്ടോ??