Monday, September 29, 2008

മേല്‍പ്പാലമില്ല; കിഴാറ്റൂര്‍ നിവാസികള്‍ ദുരിതത്തില്‍


ചെമ്മാണിയോട്‌ റെയില്‍പ്പാതയില്‍ മേല്‍പ്പാലത്തിന്റെ അഭാവംമൂലം കിഴാറ്റൂര്‍, ചെമ്മാണിയോട്‌ നിവാസികള്‍ ദുരിതത്തില്‍. കിഴാറ്റൂര്‍-ചെമ്മാണിയോട്‌ റോഡില്‍ റെയില്‍പ്പാതയില്‍ മേല്‍പ്പാലം പണിയാന്‍ പത്തുവര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ശ്രമം തുടങ്ങിയതാണ്‌. അന്തരിച്ച ജി.എം. ബനാത്ത്‌വാല എം.പി. സ്ഥലം സന്ദര്‍ശിച്ച്‌ മേല്‍പ്പാലം പണിയാനുള്ള എല്ലാ ശ്രമവും തുടങ്ങുകയും ചെയ്‌തിരുന്നു. ആക്കപ്പറമ്പില്‍ നിന്ന്‌ താഴെ ചെമ്മാണിയോട്‌ വരെ ഏതാണ്ട്‌ എട്ട്‌ കിലോമീറ്റര്‍ ദൂരം റോഡ്‌ 60 ലക്ഷം രൂപ ചെലവില്‍ ഗതാഗതയോഗ്യമാക്കിയിരുന്നു. എന്നാല്‍ ഈ റോഡ്‌ ഇപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്‌.

നിലമ്പൂര്‍-ഷൊറണൂര്‍ റെയില്‍പ്പാതയിലെ ചെമ്മാണിയോട്‌ മേല്‍പ്പാലത്തിനുള്ള ആവശ്യത്തിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. അന്ന്‌ 40 ലക്ഷം രൂപയാണ്‌ മേല്‍പ്പാലത്തിന്‌ ചെലവ്‌ കണക്കാക്കിയിരുന്നത്‌. ഈ തുകയില്‍ 20 ലക്ഷത്തോളം രൂപ പിന്നീട്‌ സ്ഥലം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി ഇ.അഹമ്മദ്‌ നല്‌കാമെന്നും ബാക്കി തുക കണ്ടെത്താന്‍ മന്ത്രി ജനപ്രതിനിധികളോട്‌ പറയുകയും ചെയ്‌തിരുന്നു. എന്നാല്‍ തുടര്‍ന്ന്‌ യാതൊരു നീക്കങ്ങളും ഉണ്ടായില്ല. അതിനാല്‍ ലക്ഷങ്ങള്‍ മുടക്കിയ റോഡ്‌ ലക്ഷ്യം കാണാതെ നശിക്കുകയാണ്‌.

Sunday, September 21, 2008

പൂന്താനം ഇല്ലം വിദ്യാരംഭത്തിന്‌ ഒരുങ്ങി


ഭക്തകവി പൂന്താനത്തിന്റെ ജന്മഗൃഹത്തില്‍ വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ മേല്‍നോട്ടത്തിലാണ്‌ ഇല്ലത്ത്‌ വിദ്യാരംഭപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്‌.

ഒക്ടോബര്‍ ഒമ്പതിന്‌ എട്ടുമണി മുതല്‍ ഇല്ലത്ത്‌ നാലുകെട്ടിനകത്ത്‌ പ്രത്യേകം സജ്ജമാക്കിയ സരസ്വതീമണ്ഡപത്തില്‍ വിദ്യാരംഭച്ചടങ്ങുകള്‍ ആരംഭിക്കും. കഥാകൃത്ത്‌ മുണ്ടൂര്‍ സേതുമാധവന്‍ മുഖ്യ ഗുരുനാഥനായിരിക്കും. നാലുകെട്ടിനകത്ത്‌ ഗുരുനാഥന്മാര്‍ കുട്ടികളുടെ നാവില്‍ ആദ്യാക്ഷരം കുറിക്കുമ്പോള്‍ പുറത്ത്‌ പന്തലില്‍ കവികളുടെ വിദ്യാരംഭം നടക്കും.

വിദ്യാരംഭത്തിനെത്തുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ദേവസ്വം ഭക്ഷണം തയ്യാറാക്കും. വിദ്യാരംഭത്തിന്‌ മുന്‍കൂട്ടി പേര്‌ രജിസ്റ്റര്‍ചെയ്യാം. അഞ്ചുരൂപയാണ്‌ രജിസ്‌ട്രേഷന്‍ ഫീസ്‌. പൂന്താനം മഹാവിഷ്‌ണുക്ഷേത്രത്തില്‍ രാവിലെ 10 മണിവരെയും വൈകീട്ട്‌ നാലരമുതല്‍ ആറുമണിവരെയും പേര്‌ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഉണ്ട്‌. ഫോണ്‍: 04933-270169.

Thursday, September 11, 2008

ശ്രീകോവിലിന്‌ കട്ടിലവെച്ചു

കീഴാറ്റൂര്‍ ആറ്റുതൃക്കോവില്‍ മഹാവിഷ്‌ണുക്ഷേത്രം പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശ്രീകോവിലിന്‌ അമ്പാടി കൃഷ്‌ണന്‍കുട്ടി കട്ടിലവെച്ചു. ക്ഷേത്രം തന്ത്രി പനയൂര്‍ സനല്‍ നമ്പൂതിരി, എന്‍.എന്‍. രാജീവ്‌ അഗസ്‌ത്യമല, അല്ലിങ്ങല്‍ കുഞ്ചുആശാരി, കീഴാറ്റൂര്‍ അനിയന്‍, പഴേടം വാസുദേവന്‍ നമ്പൂതിരി, ആമ്പിന്‍കാട്ടില്‍ ഹരിദാസ്‌, അമ്പലപറമ്പില്‍ ശിവദാസ്‌, അരിക്കിരത്ത്‌ അനൂപ്‌കുമാര്‍, ഇല്ലിക്കല്‍ കൃഷ്‌ണന്‍, വിജയന്‍, ജയകൃഷ്‌ണന്‍ എന്നിവര്‍ സംബന്ധിച്ചു.

Monday, September 1, 2008

മണിയാണീരിക്കടവ്‌ പാലം ഇന്നുതുറക്കും

കീഴാറ്റൂര്‍, മേലാറ്റൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച്‌ വെള്ളിയാര്‍പുഴയിലെ മണിയാണീരിക്കടവില്‍ നിര്‍മ്മിച്ച പാലം തിങ്കളാഴ്‌ച ചെറുവാഹനങ്ങള്‍ക്ക്‌ തുറന്നുകൊടുക്കും. സോളിങ്‌ കഴിഞ്ഞ്‌ ഗതാഗതയോഗ്യമായ അവസ്ഥയിലാണ്‌ അനുബന്ധറോഡ്‌. മുന്‍ സര്‍ക്കാരിന്റെ ഭരണകാലത്ത്‌ പൊതുമരാമത്ത്‌ മന്ത്രിയായിരുന്ന എം.കെ. മുനീറാണ്‌ പാലത്തിന്‌ തറക്കല്ലിട്ടത്‌.

നാലുമാസം മുമ്പുതന്നെ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു. അനുബന്ധ റോഡുകള്‍ നിര്‍മ്മിക്കാന്‍ വൈകിയതാണ്‌ പാലം തുറക്കാന്‍ തടസ്സമായത്‌. നാലരക്കോടി രൂപ ചെലവാക്കിയാണ്‌ പാലംപണി പൂര്‍ത്തിയാക്കിയത്‌. കീഴാറ്റൂര്‍ പ്രദേശവാസികള്‍ക്ക്‌ മേലാറ്റൂരിലേക്കുള്ള യാത്രാദുരിതം ഇതോടെ തീരും. മഴക്കാലമായാല്‍ വിദ്യാര്‍ഥികളടക്കം എല്ലാവരും തോണിയാത്രചെയ്‌താണ്‌ അക്കരയ്‌ക്ക്‌ കടന്നിരുന്നത്‌. അല്ലെങ്കില്‍ 16 കിലോമീറ്റര്‍ ചുറ്റി പട്ടിക്കാട്‌, പാണ്ടിക്കാട്‌ എന്നിവിടങ്ങളിലൂടെയാണ്‌ മേലാറ്റൂരില്‍ എത്തിയിരുന്നത്‌. പാലം ഗതാഗതയോഗ്യമാകുന്നതോടെ പെരിന്തല്‍മണ്ണയില്‍നിന്ന്‌ കീഴാറ്റൂര്‍വഴി മേലാറ്റൂരിലേക്ക്‌ ബസ്‌സര്‍വീസ്‌ തുടങ്ങും.

പാലത്തിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനച്ചടങ്ങിന്‌ ഇനിയും കാത്തിരിക്കേണ്ടി വരും. എങ്കിലും നാട്ടുകാരുടെ യാത്രാസൗകര്യം പരിഗണിച്ചാണ്‌ തിങ്കളാഴ്‌ച മുതല്‍ പാലം ഗതാഗതത്തിന്‌ തുറന്നുകൊടുക്കുന്നത്‌.