Monday, September 1, 2008

മണിയാണീരിക്കടവ്‌ പാലം ഇന്നുതുറക്കും

കീഴാറ്റൂര്‍, മേലാറ്റൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച്‌ വെള്ളിയാര്‍പുഴയിലെ മണിയാണീരിക്കടവില്‍ നിര്‍മ്മിച്ച പാലം തിങ്കളാഴ്‌ച ചെറുവാഹനങ്ങള്‍ക്ക്‌ തുറന്നുകൊടുക്കും. സോളിങ്‌ കഴിഞ്ഞ്‌ ഗതാഗതയോഗ്യമായ അവസ്ഥയിലാണ്‌ അനുബന്ധറോഡ്‌. മുന്‍ സര്‍ക്കാരിന്റെ ഭരണകാലത്ത്‌ പൊതുമരാമത്ത്‌ മന്ത്രിയായിരുന്ന എം.കെ. മുനീറാണ്‌ പാലത്തിന്‌ തറക്കല്ലിട്ടത്‌.

നാലുമാസം മുമ്പുതന്നെ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു. അനുബന്ധ റോഡുകള്‍ നിര്‍മ്മിക്കാന്‍ വൈകിയതാണ്‌ പാലം തുറക്കാന്‍ തടസ്സമായത്‌. നാലരക്കോടി രൂപ ചെലവാക്കിയാണ്‌ പാലംപണി പൂര്‍ത്തിയാക്കിയത്‌. കീഴാറ്റൂര്‍ പ്രദേശവാസികള്‍ക്ക്‌ മേലാറ്റൂരിലേക്കുള്ള യാത്രാദുരിതം ഇതോടെ തീരും. മഴക്കാലമായാല്‍ വിദ്യാര്‍ഥികളടക്കം എല്ലാവരും തോണിയാത്രചെയ്‌താണ്‌ അക്കരയ്‌ക്ക്‌ കടന്നിരുന്നത്‌. അല്ലെങ്കില്‍ 16 കിലോമീറ്റര്‍ ചുറ്റി പട്ടിക്കാട്‌, പാണ്ടിക്കാട്‌ എന്നിവിടങ്ങളിലൂടെയാണ്‌ മേലാറ്റൂരില്‍ എത്തിയിരുന്നത്‌. പാലം ഗതാഗതയോഗ്യമാകുന്നതോടെ പെരിന്തല്‍മണ്ണയില്‍നിന്ന്‌ കീഴാറ്റൂര്‍വഴി മേലാറ്റൂരിലേക്ക്‌ ബസ്‌സര്‍വീസ്‌ തുടങ്ങും.

പാലത്തിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനച്ചടങ്ങിന്‌ ഇനിയും കാത്തിരിക്കേണ്ടി വരും. എങ്കിലും നാട്ടുകാരുടെ യാത്രാസൗകര്യം പരിഗണിച്ചാണ്‌ തിങ്കളാഴ്‌ച മുതല്‍ പാലം ഗതാഗതത്തിന്‌ തുറന്നുകൊടുക്കുന്നത്‌.

No comments: