Saturday, November 8, 2008

'ആക്കപ്പറമ്പ്‌-കീഴാറ്റൂര്‍ റോഡ്‌ അറ്റകുറ്റപ്പണി നടത്തണം'

ആക്കപ്പറമ്പ്‌-കീഴാറ്റൂര്‍ റോഡ്‌ അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതയോഗ്യമാക്കണമെന്ന്‌ കിഴാറ്റൂര്‍ മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. കുണ്ടുംകുഴിയും നിറഞ്ഞ ഈ റോഡില്‍ ഗതാഗതം നിര്‍ത്തിവെക്കേണ്ട അവസ്ഥയിലാണെന്ന്‌ ബസ്സുടമകള്‍ പറയുന്നു. യോഗം ബ്ലോക്ക്‌പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ പി.നാരായണനുണ്ണി ഉദ്‌ഘാടനംചെയ്‌തു. വി.എം. ദാമോദരന്‍ നമ്പൂതിരി അധ്യക്ഷതവഹിച്ച യോഗത്തില്‍ മത്തളി ബാലകൃഷ്‌ണന്‍, പി.വി.ശങ്കരവാരിയര്‍, പി.ബാലചന്ദ്രന്‍, എ.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Sunday, October 26, 2008

രോഗപ്രതിരോധ കുത്തിവെപ്പ്‌ മാസാചരണം

രോഗപ്രതിരോധ കുത്തിവെപ്പ്‌ മാസാചരണത്തിന്റെ ഭാഗമായി കീഴാറ്റൂര്‍ പ്രൈമറി ഹെല്‍ത്ത്‌ സെന്ററില്‍ ആരോഗ്യസെമിനാര്‍ നടത്തി. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ റാഫി ഉദ്‌ഘാടനം ചെയ്‌തു. ഡോ. മുരളീധരന്‍, ജഗന്നിവാസന്‍, ശ്രീമതി ഇന്ദിര എന്നിവര്‍ ക്ലാസെടുത്തു.

തിരിച്ചറിയല്‍ കാര്‍ഡ്‌ വിതരണം

പട്ടിക്കാട്‌: കീഴാറ്റൂര്‍, നെന്മിനി വില്ലേജുകളിലെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അതത്‌ വില്ലേജ്‌ ഓഫീസുകളില്‍ ഒക്ടോബര്‍ 30 വരെ വിതരണം ചെയ്യുമെന്ന്‌ വില്ലേജ്‌ ഓഫീസര്‍ അറിയിച്ചു.

'മുത്തശ്ശി' പുനര്‍ വായന


വള്ളുവനാടിന്റെ ചരിത്രരേഖയായ ചെറുകാടിന്റെ 'മുത്തശ്ശി' എന്ന നോവലിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കീഴാറ്റൂര്‍ പൂന്താനം സ്‌മാരകഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ 'മുത്തശ്ശി'യുടെ പുനര്‍വായന ഒക്ടോബര്‍ 26ന്‌ വൈകീട്ട്‌ മൂന്നിന്‌ പൂന്താനം സ്‌മാരക എ.യു.പി സ്‌കൂളില്‍ നടക്കും. സി. വാസുദേവന്‍ ഉദ്‌ഘാടനം ചെയ്യും. പ്രൊ. സി.പി. ചിത്രഭാനു ചര്‍ച്ചയില്‍ മുഖ്യാതിഥിയായിരിക്കും.

Sunday, October 12, 2008

വായനമത്സരം


കീഴാറ്റൂര്‍ പൂന്താനം സ്‌മാരക ഗ്രന്ഥാലയത്തില്‍ നടന്ന ലൈബ്രറി കൗണ്‍സില്‍ യു.പി തലം വായനമത്സരത്തിന്റെ ഉദ്‌ഘാടനം കീഴാറ്റൂര്‍ ഗ്രാമപ്പഞ്ചായത്ത്‌ വി.ഇ.സി കണ്‍വീനര്‍ പി. നീലകണുന്‍നമ്പൂതിരി നിര്‍വഹിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ്‌ കെ.എം. വിജയകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എം. ശ്രീകുമാരനുണ്ണി, പി. വേണുഗോപാല്‍, പി.എസ്‌. പ്രീതി, എം. വിജയലക്ഷ്‌മി എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക്‌ വാര്‍ഡ്‌മെമ്പര്‍ സി.കെ. രമാദേവി സമ്മാനദാനം നിര്‍വഹിച്ചു. മിഥുന്‍പ്രേം, ദീപിക. വി, നിജിത. പി എന്നിവര്‍ യഥാക്രമം ഒന്ന്‌, രണ്ട്‌. മൂന്ന്‌ സ്ഥാനങ്ങള്‍ക്ക്‌ അര്‍ഹരായി.

തച്ചിങ്ങനാടം ചന്ദ്രന്‍ സ്‌മാരക ഗ്രന്ഥാലയത്തില്‍ നടന്ന ലൈബ്രറി കൗണ്‍സില്‍ വായനമത്സരത്തില്‍ ഒറവംപുറം ജി.എം.യു.പി.എസ്സിലെ ജെ. ജോബിന്‍, തച്ചിങ്ങനാടം കൃഷ്‌ണ യു.പി.എസ്സിലെ എം. അര്‍ജുന്‍, കെ. ഷമില്‍ എന്നിവര്‍ യഥാക്രമം ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്ഥാനങ്ങള്‍ നേടി. എസ്‌.വി. മോഹനന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി. രാമചന്ദ്രന്‍, സി.പി. രാംമോഹനന്‍, പി.എസ്‌. വിജയകുമാര്‍, കെ. റുഖിയ എന്നിവര്‍ പ്രസംഗിച്ചു.

ആരോഗ്യ സെമിനാര്‍

കീഴാറ്റൂര്‍ ഗ്രാമപ്പഞ്ചായത്തും കീഴാറ്റൂര്‍ പ്രാഥമികാരോഗ്യകേന്ദ്രവും ചേര്‍ന്ന്‌ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനവും ബോധവത്‌കരണ സെമിനാറും നടത്തി. സ്ഥിരംസമിതി അധ്യക്ഷന്‍ കെ.എം. ഫിറോസ്‌ഖാന്‍ യോഗം ഉദ്‌ഘാടനംചെയ്‌തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ പറമ്പൂര്‍ മുഹമ്മദ്‌റാഫി, എ.എച്ച്‌.ഐ ജഗന്നിവാസന്‍, സോമശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.

റാങ്ക്‌ ലിസ്റ്റ്‌ വൈകുന്നു; ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

2007ല്‍ നടന്ന പി.എസ്‌.സി പരീക്ഷകളുടെ ലിസ്റ്റുകള്‍ അകാരണമായി വൈകുന്നത്‌ ഉദ്യോഗാര്‍ഥികളെ ആശങ്കയിലാക്കുന്നു. 2007 മാര്‍ച്ചില്‍ നടന്ന വില്ലേജ്‌മാന്‍ എഴുത്തുപരീക്ഷയുടെ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ നിയമനം നടത്താന്‍ ഒന്നരവര്‍ഷമാണ്‌ പി.എസ്‌.സി എടുത്തത്‌. 2007 ജൂലായ്‌ 14ന്‌ നടന്ന ലാസ്റ്റ്‌ഗ്രേഡ്‌ തസ്‌തികയിലേക്കുള്ള എഴുത്തുപരീക്ഷ കഴിഞ്ഞ ഒരുവര്‍ഷത്തോളം കഴിഞ്ഞ്‌ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ഇതുവരെ റാങ്ക്‌ പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്‌.സിക്ക്‌ കഴിഞ്ഞിട്ടില്ല. 2008 സപ്‌തംബറില്‍ 10 ജില്ലകളിലെ റാങ്ക്‌ പട്ടികകള്‍ പി.എസ്‌.സി അംഗീകരിച്ചു. എങ്കിലും പാലക്കാട്‌ ജില്ലയിലെ റാങ്ക്‌ പട്ടിക മാത്രമാണ്‌ പ്രസിദ്ധീകരിച്ചത്‌. റാങ്ക്‌ പട്ടിക അംഗീകരിച്ച ദിവസം മുതല്‍ ചുരുങ്ങിയത്‌ ഒരുവര്‍ഷവും പരമാവധി മൂന്നുവര്‍ഷവുമാണ്‌ റാങ്ക്‌ പട്ടികയ്‌ക്ക്‌ കാലാവധി ലഭിക്കുക. അതുകൊണ്ടുതന്നെ മലപ്പുറം ഉള്‍പ്പെടെയുള്ള മറ്റുജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ ആശങ്കയിലാണ്‌. 2007 ഏപ്രിലില്‍ വി.ഇ.ഒ തസ്‌തികയിലേക്കും അതിനുശേഷം എല്‍.ഡി. ക്ലാര്‍ക്ക്‌ തസ്‌തികയിലേക്കും നടന്ന എഴുത്തുപരീക്ഷകളുടെ ചുരുക്കപ്പട്ടികപോലും ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. പി.എസ്‌.സിയുടെ ഈ മെല്ലെപ്പോക്ക്‌ നയം 2007ലും 2008ലും നടന്ന മറ്റു പരീക്ഷകളെയും ബാധിക്കുമോ എന്ന ഭീതിയിലാണ്‌ ഉദ്യോഗാര്‍ഥികള്‍.

ഒ.എം.ആര്‍ പരീക്ഷപേപ്പര്‍ ഉപയോഗിച്ച്‌ പി.എസ്‌.സി പരീക്ഷ നടത്താന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. കമ്പ്യൂട്ടര്‍ മൂല്യനിര്‍ണയമാണ്‌ ഈ പരീക്ഷകള്‍ക്ക്‌ നടക്കുന്നതെങ്കില്‍പ്പോലും ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതിനും നിയമനം നടത്തുന്നതിനും ഇത്രയും കാലവിളംബം ഉണ്ടാകുന്നത്‌ ഉദ്യോഗാര്‍ത്ഥികളെ വിഷമത്തിലാക്കുന്നു. വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യത്തിന്‌ ജീവനക്കാരില്ലാതെ പൊതുജനം ബുദ്ധിമുട്ടുന്ന ഈ സമയത്തെങ്കിലും പി.എസ്‌.സി യുടെ പ്രവര്‍ത്തനങ്ങള്‍ ത്വരപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ്‌ ഉദ്യോഗാര്‍ഥികളുടെ ആവശ്യം.

ഇനിയും ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതിനും ഒഴിവുള്ള തസ്‌തികകളില്‍ നിയമനം നടത്തുന്നതിനും കാലതാമസം നേരിടുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങുമെന്ന്‌ മലപ്പുറം ലാസ്റ്റ്‌ ഗ്രേഡ്‌ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുവേണ്ടി സുനില്‍കുമാര്‍ ടി, സുജേഷ്‌ വി, ജ്യോതിഷ്‌ കെ. എന്നിവര്‍ അറിയിച്ചു.

Saturday, October 11, 2008

പൂന്താനം ഇല്ലത്ത് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു.

വിജയദശമി നാളില്‍ പൂന്താനം ഇല്ലത്ത് ആദ്യാക്ഷരം കുറിക്കാന്‍ ധാരാളം പേരെത്തി. പൂന്താനത്തിന്റെ ജന്മഗൃഹത്തില്‍ വ്യാഴാഴ്ച നടന്ന എഴുത്തിനിരുത്തിന് മുണ്ടൂര്‍ സേതുമാധവന്‍, സി വാസുദേവന്‍, മേലാറ്റൂര്‍ രാധാകൃഷ്ണന്‍, സി വി സദാശിവന്‍, കെ വിഷ്ണുനമ്പൂതിരി, കെ നാരായണന്‍, മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍, വി എം കൃഷ്ണന്‍ നമ്പൂതിരി, എസ് വി മോഹനന്‍ എന്നിവര്‍ ഗുരുനാഥന്മാരായി. കവിയരങ്ങ് മുണ്ടൂര്‍ സേതുമാധവന്‍ ഉദ്ഘാടനംചെയ്തു. ആലിക്കല്‍ മൂസഹാജി അധ്യക്ഷനായി. സി വി സദാശിവന്‍, മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അശോക്കുമാര്‍ പെരുവ, എസ് സഞ്ജയ്, സത്യന്‍ എരവിമംഗലം, പി എസ് വിജയകുമാര്‍, ബാലകൃഷ്ണന്‍ പാണ്ടിക്കാട്, ശോഭ പൂന്താനം, കൃഷ്ണന്‍ മങ്കട, ശിവന്‍ പൂന്താനം, പി ജി നാഥ്, മണിലാല്‍, നീരജ മണിലാല്‍, സി പി ബൈജു, അച്ചുതന്‍കുട്ടി, എം വിജയലക്ഷ്മി, സുരേഷ് ചെമ്പത്ത്, കെ കെ മുഹമ്മദലി എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.

Monday, September 29, 2008

മേല്‍പ്പാലമില്ല; കിഴാറ്റൂര്‍ നിവാസികള്‍ ദുരിതത്തില്‍


ചെമ്മാണിയോട്‌ റെയില്‍പ്പാതയില്‍ മേല്‍പ്പാലത്തിന്റെ അഭാവംമൂലം കിഴാറ്റൂര്‍, ചെമ്മാണിയോട്‌ നിവാസികള്‍ ദുരിതത്തില്‍. കിഴാറ്റൂര്‍-ചെമ്മാണിയോട്‌ റോഡില്‍ റെയില്‍പ്പാതയില്‍ മേല്‍പ്പാലം പണിയാന്‍ പത്തുവര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ശ്രമം തുടങ്ങിയതാണ്‌. അന്തരിച്ച ജി.എം. ബനാത്ത്‌വാല എം.പി. സ്ഥലം സന്ദര്‍ശിച്ച്‌ മേല്‍പ്പാലം പണിയാനുള്ള എല്ലാ ശ്രമവും തുടങ്ങുകയും ചെയ്‌തിരുന്നു. ആക്കപ്പറമ്പില്‍ നിന്ന്‌ താഴെ ചെമ്മാണിയോട്‌ വരെ ഏതാണ്ട്‌ എട്ട്‌ കിലോമീറ്റര്‍ ദൂരം റോഡ്‌ 60 ലക്ഷം രൂപ ചെലവില്‍ ഗതാഗതയോഗ്യമാക്കിയിരുന്നു. എന്നാല്‍ ഈ റോഡ്‌ ഇപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്‌.

നിലമ്പൂര്‍-ഷൊറണൂര്‍ റെയില്‍പ്പാതയിലെ ചെമ്മാണിയോട്‌ മേല്‍പ്പാലത്തിനുള്ള ആവശ്യത്തിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. അന്ന്‌ 40 ലക്ഷം രൂപയാണ്‌ മേല്‍പ്പാലത്തിന്‌ ചെലവ്‌ കണക്കാക്കിയിരുന്നത്‌. ഈ തുകയില്‍ 20 ലക്ഷത്തോളം രൂപ പിന്നീട്‌ സ്ഥലം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി ഇ.അഹമ്മദ്‌ നല്‌കാമെന്നും ബാക്കി തുക കണ്ടെത്താന്‍ മന്ത്രി ജനപ്രതിനിധികളോട്‌ പറയുകയും ചെയ്‌തിരുന്നു. എന്നാല്‍ തുടര്‍ന്ന്‌ യാതൊരു നീക്കങ്ങളും ഉണ്ടായില്ല. അതിനാല്‍ ലക്ഷങ്ങള്‍ മുടക്കിയ റോഡ്‌ ലക്ഷ്യം കാണാതെ നശിക്കുകയാണ്‌.

Sunday, September 21, 2008

പൂന്താനം ഇല്ലം വിദ്യാരംഭത്തിന്‌ ഒരുങ്ങി


ഭക്തകവി പൂന്താനത്തിന്റെ ജന്മഗൃഹത്തില്‍ വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ മേല്‍നോട്ടത്തിലാണ്‌ ഇല്ലത്ത്‌ വിദ്യാരംഭപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്‌.

ഒക്ടോബര്‍ ഒമ്പതിന്‌ എട്ടുമണി മുതല്‍ ഇല്ലത്ത്‌ നാലുകെട്ടിനകത്ത്‌ പ്രത്യേകം സജ്ജമാക്കിയ സരസ്വതീമണ്ഡപത്തില്‍ വിദ്യാരംഭച്ചടങ്ങുകള്‍ ആരംഭിക്കും. കഥാകൃത്ത്‌ മുണ്ടൂര്‍ സേതുമാധവന്‍ മുഖ്യ ഗുരുനാഥനായിരിക്കും. നാലുകെട്ടിനകത്ത്‌ ഗുരുനാഥന്മാര്‍ കുട്ടികളുടെ നാവില്‍ ആദ്യാക്ഷരം കുറിക്കുമ്പോള്‍ പുറത്ത്‌ പന്തലില്‍ കവികളുടെ വിദ്യാരംഭം നടക്കും.

വിദ്യാരംഭത്തിനെത്തുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ദേവസ്വം ഭക്ഷണം തയ്യാറാക്കും. വിദ്യാരംഭത്തിന്‌ മുന്‍കൂട്ടി പേര്‌ രജിസ്റ്റര്‍ചെയ്യാം. അഞ്ചുരൂപയാണ്‌ രജിസ്‌ട്രേഷന്‍ ഫീസ്‌. പൂന്താനം മഹാവിഷ്‌ണുക്ഷേത്രത്തില്‍ രാവിലെ 10 മണിവരെയും വൈകീട്ട്‌ നാലരമുതല്‍ ആറുമണിവരെയും പേര്‌ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഉണ്ട്‌. ഫോണ്‍: 04933-270169.

Thursday, September 11, 2008

ശ്രീകോവിലിന്‌ കട്ടിലവെച്ചു

കീഴാറ്റൂര്‍ ആറ്റുതൃക്കോവില്‍ മഹാവിഷ്‌ണുക്ഷേത്രം പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശ്രീകോവിലിന്‌ അമ്പാടി കൃഷ്‌ണന്‍കുട്ടി കട്ടിലവെച്ചു. ക്ഷേത്രം തന്ത്രി പനയൂര്‍ സനല്‍ നമ്പൂതിരി, എന്‍.എന്‍. രാജീവ്‌ അഗസ്‌ത്യമല, അല്ലിങ്ങല്‍ കുഞ്ചുആശാരി, കീഴാറ്റൂര്‍ അനിയന്‍, പഴേടം വാസുദേവന്‍ നമ്പൂതിരി, ആമ്പിന്‍കാട്ടില്‍ ഹരിദാസ്‌, അമ്പലപറമ്പില്‍ ശിവദാസ്‌, അരിക്കിരത്ത്‌ അനൂപ്‌കുമാര്‍, ഇല്ലിക്കല്‍ കൃഷ്‌ണന്‍, വിജയന്‍, ജയകൃഷ്‌ണന്‍ എന്നിവര്‍ സംബന്ധിച്ചു.

Monday, September 1, 2008

മണിയാണീരിക്കടവ്‌ പാലം ഇന്നുതുറക്കും

കീഴാറ്റൂര്‍, മേലാറ്റൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച്‌ വെള്ളിയാര്‍പുഴയിലെ മണിയാണീരിക്കടവില്‍ നിര്‍മ്മിച്ച പാലം തിങ്കളാഴ്‌ച ചെറുവാഹനങ്ങള്‍ക്ക്‌ തുറന്നുകൊടുക്കും. സോളിങ്‌ കഴിഞ്ഞ്‌ ഗതാഗതയോഗ്യമായ അവസ്ഥയിലാണ്‌ അനുബന്ധറോഡ്‌. മുന്‍ സര്‍ക്കാരിന്റെ ഭരണകാലത്ത്‌ പൊതുമരാമത്ത്‌ മന്ത്രിയായിരുന്ന എം.കെ. മുനീറാണ്‌ പാലത്തിന്‌ തറക്കല്ലിട്ടത്‌.

നാലുമാസം മുമ്പുതന്നെ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു. അനുബന്ധ റോഡുകള്‍ നിര്‍മ്മിക്കാന്‍ വൈകിയതാണ്‌ പാലം തുറക്കാന്‍ തടസ്സമായത്‌. നാലരക്കോടി രൂപ ചെലവാക്കിയാണ്‌ പാലംപണി പൂര്‍ത്തിയാക്കിയത്‌. കീഴാറ്റൂര്‍ പ്രദേശവാസികള്‍ക്ക്‌ മേലാറ്റൂരിലേക്കുള്ള യാത്രാദുരിതം ഇതോടെ തീരും. മഴക്കാലമായാല്‍ വിദ്യാര്‍ഥികളടക്കം എല്ലാവരും തോണിയാത്രചെയ്‌താണ്‌ അക്കരയ്‌ക്ക്‌ കടന്നിരുന്നത്‌. അല്ലെങ്കില്‍ 16 കിലോമീറ്റര്‍ ചുറ്റി പട്ടിക്കാട്‌, പാണ്ടിക്കാട്‌ എന്നിവിടങ്ങളിലൂടെയാണ്‌ മേലാറ്റൂരില്‍ എത്തിയിരുന്നത്‌. പാലം ഗതാഗതയോഗ്യമാകുന്നതോടെ പെരിന്തല്‍മണ്ണയില്‍നിന്ന്‌ കീഴാറ്റൂര്‍വഴി മേലാറ്റൂരിലേക്ക്‌ ബസ്‌സര്‍വീസ്‌ തുടങ്ങും.

പാലത്തിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനച്ചടങ്ങിന്‌ ഇനിയും കാത്തിരിക്കേണ്ടി വരും. എങ്കിലും നാട്ടുകാരുടെ യാത്രാസൗകര്യം പരിഗണിച്ചാണ്‌ തിങ്കളാഴ്‌ച മുതല്‍ പാലം ഗതാഗതത്തിന്‌ തുറന്നുകൊടുക്കുന്നത്‌.

Wednesday, July 30, 2008

അക്രമം അവസാനിപ്പിക്കണം

കിഴാറ്റൂര്‍: പാഠപുസ്തകത്തിന്റെ പേരില്‍ യുഡിഎഫ് നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കണമെന്ന് കിഴാറ്റൂരില്‍ നടന്ന ഡിവൈഎഫ്ഐ മേലാറ്റൂര്‍ ബ്ളോക്ക് സമ്മേളനം ആവശ്യപ്പെട്ടു. തിരൂര്‍ ഏരിയാ സെക്രട്ടറി എ ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. വി ജ്യോതിഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും വി രമേശന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍, എം മുഹമ്മദ് സലിം എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: എ അജയ്മോഹന്‍ (പ്രസിഡന്റ്), എന്‍ നിധീഷ്, നജ്മുദ്ദീന്‍ (വൈസ് പ്രസിഡന്റുമാര്‍), ഇ പി ബാലചന്ദ്രന്‍ (സെക്രട്ടറി), വി പി ഷാനവാസ്, ഡോ. പി വി അരു (ജോ. സെക്രട്ടറി), എ ശശി (ട്രഷറര്‍).

Wednesday, July 2, 2008

സമ്മാനങ്ങള്‍ വിതരണംചെയ്‌തു

കീഴാറ്റൂര്‍ ആനപ്പാംകുഴി ഐ.എം.എ.എല്‍.പി സ്‌കൂളിലെ വായനവാരാചരണത്തിന്റെ സമാപനവും വായനവാരാചരണത്തോടനുബന്ധിച്ച്‌ നടത്തിയ വായനമത്സരം, ക്വിസ്‌മത്സരം, ആസ്വാദനക്കുറിപ്പ്‌ മത്സരം എന്നിവയിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും മാങ്ങോട്ടില്‍ ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. പി.ടി.എ. പ്രസിഡന്റ്‌ സി. സൈതാലി അധ്യക്ഷനായി. പി. സുഹറ, പി.കെ. റുഖിയ എന്നിവര്‍ പ്രസംഗിച്ചു.

Tuesday, June 10, 2008

പൂന്താനം വിവാദം: വിജിലന്‍സ്‌ അന്വേഷണം തുടങ്ങിയില്ല

 പൂന്താനം ഇല്ലവുമായി ബന്ധപ്പെട്ട്‌ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ്‌ പെരിന്തല്‍മണ്ണ മുന്‍സിഫ്‌ കോടതിയില്‍ നല്‍കിയ വിവാദ സത്യവാങ്‌മൂലത്തെ സംബന്ധിച്ച വിജിലന്‍സ്‌ അന്വേഷണം ഇതുവരെ തുടങ്ങിയില്ല. ദേവസ്വംമന്ത്രി ജി.സുധാകരന്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ട്‌ മൂന്നുമാസം കഴിഞ്ഞിട്ടും ഇതാണ്‌ സ്ഥിതി. മന്ത്രി രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അന്വേഷണം തുടങ്ങിയിട്ടില്ലെന്നുമാണ്‌ വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോയുടെ വിശദീകരണം. 

പൂന്താനം ഇല്ലത്ത്‌ സാഹിത്യോത്സവം നടത്തുന്നത്‌ സംബന്ധിച്ച്‌ വിവാദങ്ങളുയര്‍ന്നതിനെത്തുടര്‍ന്ന്‌, സാഹിത്യോത്സവം ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ്‌ നേരിട്ട്‌ നടത്തണമെന്നാവശ്യപ്പെട്ട്‌ പെരിന്തല്‍മണ്ണ സ്വദേശി ടി.വി.ശശിധരന്‍ പെരിന്തല്‍മണ്ണ മുന്‍സിഫ്‌ കോടതിയില്‍ ഒരു വര്‍ഷംമുമ്പ്‌ സ്വകാര്യ അന്യായം ഫയല്‍ ചെയ്‌തു. 

ഇതേത്തുടര്‍ന്നാണ്‌ ദേവസ്വംബോര്‍ഡ്‌ സത്യവാങ്‌മൂലം കോടതിയില്‍ സമര്‍പ്പിച്ചത്‌. ഇത്‌ വിവാദമായതോടെ ദേവസ്വംബോര്‍ഡ്‌ ഈ അവകാശവാദങ്ങള്‍ പിന്‍വലിച്ചിരുന്നു. ഈ വിഷയം നിയമസഭയില്‍ കെ.സി.വേണുഗോപാല്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ശുപാര്‍ശ ചെയ്‌തതായി ദേവസ്വംമന്ത്രി അറിയിച്ചത്‌. സംഭവത്തില്‍ ഉദ്യോഗസ്ഥ ഗൂഢാലോചനയുണ്ടെന്നും അത്‌ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നുമായിരുന്നു മന്ത്രി അറിയിച്ചത്‌. എന്നാല്‍ വിജിലന്‍സ്‌ അന്വേഷണത്തിന്‌രേഖാമൂലം അറിയിപ്പ്‌ ലഭിച്ചിട്ടില്ലെന്നായിരുന്നു ഇതിനിടെ അഭ്യന്തരവകുപ്പ്‌ മന്ത്രിയുടെ വിശദീകരണം. 

പൂന്താനം ഇല്ലത്തെ സാഹിത്യോത്സവത്തില്‍ ചില സംഘടനകളുടെ ഇടപെടലിനെത്തുടര്‍ന്ന്‌ കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാര്‍ ഇതിന്‌ ഫണ്ട്‌ കൊടുക്കുന്നത്‌ നിര്‍ത്തിയിരുന്നു. തുടര്‍ന്ന്‌ സാഹിത്യോത്സവ കമ്മിറ്റി രൂപവത്‌കരിച്ചായിരുന്നു പരിപാടി നടത്തിയിരുന്നത്‌. ഇത്‌ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ്‌ നേരിട്ട്‌ നടത്തണ മെന്നാവശ്യപ്പെട്ടാണ്‌ അന്യായം പെരിന്തല്‍മണ്ണ കോടതിയില്‍ എത്തിയത്‌. 

Tuesday, June 3, 2008

മണിയാണീരിക്കടവ്‌ പാലം ഉദ്‌ഘാടനം വൈകും

ഇരുവശത്തുമുള്ള ഭിത്തിനിര്‍മാണവും കോണ്‍ക്രീറ്റ്‌ വെയറിങ്‌കോട്ടും പൂര്‍ത്തിയാകാത്തതിനാല്‍ മണിയാണീരിക്കടവ്‌ പാലത്തിന്റെ ഉദ്‌ഘാടനം നടക്കാന്‍ ഇനിയും മാസങ്ങള്‍ കഴിയും. മെയ്‌ ആദ്യവാരത്തില്‍ പാലം ഉദ്‌ഘാടനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു അധികൃതര്‍. എന്നാല്‍ മുഴുവന്‍ ജോലികളും പൂര്‍ത്തീകരിക്കാതെ പാലം ഉദ്‌ഘാടനം ചെയ്‌താല്‍ ആക്ഷേപങ്ങള്‍ക്ക്‌ ഇടയാക്കുമെന്നതുകൊണ്ടാണ്‌ ഉദ്‌ഘാടനം നീട്ടിയത്‌. 

2006 ഫെബ്രുവരി 26നാണ്‌ മേലാറ്റൂര്‍-കീഴാറ്റൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട്‌ വെള്ളിയാര്‍ പുഴയുടെ മണിയാണീരിക്കടവില്‍ പാലത്തിന്റെ പണി തുടങ്ങിയത്‌. നാലേകാല്‍ കോടി രൂപ ചെലവില്‍ നിര്‍മിച്ച പാലത്തിന്‌ 22.32 മീറ്റര്‍ വീതം നീളമുള്ള 4 സ്‌പാനുകളാണുള്ളത്‌. പാര്‍ശ്വഭിത്തിയുടെ നിര്‍മാണമുള്‍പ്പെടെ 30 ലക്ഷം രൂപയുടെ ജോലികള്‍കൂടി ഇനി പൂര്‍ത്തീകരിക്കാനുണ്ട്‌. അതിനായുള്ള എസ്റ്റിമേറ്റ്‌ തയ്യാറാക്കി നല്‍കിയിട്ടുണ്ട്‌.  
 


Thursday, May 22, 2008

പാറക്കുഴി-മത്തളി റോഡ്‌ തുറന്നു

കീഴാറ്റൂര്‍ പഞ്ചായത്തില്‍ എം.എല്‍.എയുടെ പ്രത്യേക ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിച്ച പാറക്കുഴി-മത്തളി റോഡ്‌ വി. ശശികുമാര്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി. നാരായണനുണ്ണി അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം സി.കെ. രമാദേവി, കക്കാട്ടില്‍ കുഞ്ഞിപ്പ, കെ.എം. വിജയകുമാര്‍, പാറമ്മല്‍ കുഞ്ഞിപ്പ എന്നിവര്‍ പ്രസംഗിച്ചു. വി. ശ്രീധരന്‍ സ്വാഗതവും കെ. അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.

Friday, May 16, 2008

പേപ്പര്‍ബാഗ്‌ നിര്‍മാണ യൂണിറ്റ്‌ തുടങ്ങി

പൂന്താനം സ്‌മാരക ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ സ്വയംതൊഴില്‍ സംരംഭമായി തുടങ്ങിയ പേപ്പര്‍ബാഗ്‌ നിര്‍മാണ യൂണിറ്റ്‌ വാര്‍ഡ്‌ മെമ്പര്‍ കെ. രമാദേവി ഉദ്‌ഘാടനം ചെയ്‌തു. ഗ്രന്ഥാലയം പ്രസിഡന്റ്‌ കെ.എം. വിജയകുമാര്‍ അധ്യക്ഷനായി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കീഴാറ്റൂര്‍ അനിയന്‍, എം. ശ്രീകുമാരനുണ്ണി, പാറമ്മല്‍ കുഞ്ഞിപ്പ, എം. വിജയലക്ഷ്‌മി, സന്ധ്യ, പി. വേണുഗോപാല്‍, പി.എസ്‌. പ്രീതി എന്നിവര്‍ പ്രസംഗിച്ചു.

Saturday, May 10, 2008

പൂന്താനം സാഹിത്യോത്സവം ഈ മാസം നടക്കില്ല

ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ പെരിന്തല്‍മണ്ണ പൂന്താനം ഇല്ലത്ത്‌ നടത്തിവരാറുള്ള പൂന്താനം സാഹിത്യോത്സവം ഈ മാസം നടത്തുന്നില്ലെന്ന്‌ ദേവസ്വം ഭരണസമിതി യോഗത്തിനുശേഷം ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അറിയിച്ചു.
പൂന്താനം ഇല്ലത്ത്‌ നിര്‍മ്മാണപ്രവൃത്തികള്‍ നടക്കുന്നതുകൊണ്ടാണ്‌ സാഹിത്യോത്സവം നടത്താത്തത്‌. അതേസമയം പൂന്താനം സാഹിത്യോത്സവം നടത്തണമെന്ന്‌ ആവശ്യമുയരുന്നുണ്ട്‌. നിര്‍മ്മാണപ്രവൃത്തിയുടെ പേരുപറഞ്ഞ്‌ സാഹിത്യോത്സവം മനഃപൂര്‍വ്വം നടത്താതിരിക്കുകയാണെന്ന ആക്ഷേപവും ഉണ്ട്‌.

Thursday, May 1, 2008

കന്നുകാലി വികസന ഉപകേന്ദ്രം അകലെ: ആവശ്യക്കാര്‍ വലയുന്നു

കീഴാറ്റൂര്‍ പഞ്ചായത്തിലെ ഉള്‍പ്രദേശമായ വടക്കുംഭാഗത്ത്‌ നിര്‍മിച്ച ഊര്‍ജിത കന്നുകാലി വികസന ഉപകേന്ദ്രത്തില്‍ എത്തിപ്പെടാന്‍ കഴിയാതെ ആവശ്യക്കാര്‍ വലയുന്നു. 2003-04 സാമ്പത്തിക വര്‍ഷത്തിലുള്‍പ്പെടുത്തി കീഴാറ്റൂര്‍ ഗ്രാമപ്പഞ്ചായത്താണ്‌വടക്കുംഭാഗത്ത്‌ ഉപകേന്ദ്രം സ്ഥാപിച്ചത്‌. ഈ ഭാഗത്തേക്ക്‌ ബസ്‌ സൗകര്യമില്ലാത്തതിനാല്‍ ദൂരസ്ഥലങ്ങളിലുള്ളവര്‍ക്ക്‌ ഉപകേന്ദ്രത്തിലെത്താന്‍ നന്നേ പാടുപെടേണ്ടിവരുന്ന അവസ്ഥയാണിപ്പോള്‍. അതുകൊണ്ടുതന്നെ ഈ ഉപകേന്ദ്രം വേണ്ടവിധം പ്രയോജനപ്പെടാതെ കിടക്കുകയാണ്‌. ഉപകേന്ദ്രത്തിന്റെ ചുമതലയുള്ളവര്‍ അധികസമയത്തും ഫീല്‍ഡ്‌ വര്‍ക്കിലാണെന്നതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവര്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയുമുണ്ട്‌. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഉപകേന്ദ്രത്തില്‍ കന്നുകാലികളെ കെട്ടിയിട്ട്‌ കുത്തിവെപ്പു നടത്താനുള്ള സൗകര്യമില്ലാത്തതിനാല്‍ ഈ ആവശ്യങ്ങള്‍ക്കെല്ലാം പ്രദേശവാസികള്‍ ഇപ്പോഴും ആക്കപ്പറമ്പിലുള്ള വെറ്ററിനറി ഡിസ്‌പെന്‍സറിയെയാണ്‌ ആശ്രയിക്കുന്നത്‌. മണിയാണീരിക്കടവിലെ പാലം ഗാതഗതയോഗ്യമാവുകയും ഉപകേന്ദ്രത്തില്‍ കുത്തിവെപ്പിനുള്ള സൗകര്യം ഒരുക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഈ ഊര്‍ജിത കന്നുകാലി വികസന ഉപകേന്ദ്രത്തെ ആവശ്യക്കാര്‍ക്ക്‌ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുകയുള്ളൂ..

Sunday, April 27, 2008

പരീഷണം.

ഇതൊരു പരീഷണ പോസ്റ്റ്മാത്രംക്ഷമിക്കുക.

Friday, April 11, 2008

സില്‍വര്‍ജൂബിലി ആഘോഷം നാളെ സമാപിക്കും

രണ്ടുമാസക്കാലമായി നടന്നുവന്ന കീഴാറ്റൂര്‍ ആനപ്പാംകുഴി ഐ.എം.എ.എല്‍.പി.സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ശനിയാഴ്‌ച സമാപിക്കുമെന്ന്‌ സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു. 10ന്‌ നടക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ എ.ഇ.ഒ. പാലനാട്‌ ദിവാകരന്‍ നമ്പൂതിരി ഉദ്‌ഘാടനം ചെയ്യും. രണ്ട്‌ മണിക്ക്‌ പൂര്‍വവിദ്യാര്‍ഥി-അധ്യാപകസംഗമം നടക്കും. വൈകീട്ട്‌ 5ന്‌ അങ്കണവാടി കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടാകും. രാത്രി ഏഴിന്‌ സമാപനപൊതുസമ്മേളനം വി.ശശികുമാര്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ സി.അസീസ്‌, പി.ടി.എ. പ്രസിഡന്റ്‌ സി.സെയ്‌താലി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ്‌ നിസാര്‍, പ്രധാനാധ്യാപകന്‍ എ.മോഹന്‍ദാസ്‌ എന്നിവര്‍ പരിപാടി വിശദീകരിച്ചു.

Tuesday, April 8, 2008

പൂന്താനം വിവാദം: അന്യായക്കാരന്‍ പുതിയ പത്രിക സമര്‍പ്പിച്ചു

പൂന്താനം ഇല്ലം ക്ഷേത്രം സംബന്ധിച്ച്‌ പെരിന്തല്‍മണ്ണ മുന്‍സിഫ്‌ കോടതിയില്‍ പി.വി. ശശിധരന്‍ നല്‍കിയ സ്വകാര്യ അന്യായം സംബന്ധിച്ച്‌ ദേവസ്വം നല്‍കിയ പത്രികക്കെതിരെ അന്യായക്കാരന്‍ പുതിയ പത്രിക സമര്‍പ്പിച്ചു. പൂന്താനം ഇല്ലം സംബന്ധിച്ച കേസുകള്‍ പെരിന്തല്‍മണ്ണ മുന്‍സിഫ്‌ കോടതിക്കു കേള്‍ക്കാന്‍ അധികാരമില്ലെന്നു കാണിച്ച്‌ ദേവസ്വം നല്‍കിയ പത്രികക്കെതിരെയാണ്‌ അന്യായക്കാരന്‍ പുതിയ പത്രിക സമര്‍പ്പിച്ചത്‌. അന്യായക്കാരന്‍ നല്‍കിയ പത്രികയില്‍ ഗുരുവായൂര്‍ ദേവസ്വം നല്‍കിയ പത്രിക നിലനില്‍ക്കുന്നില്ലെന്ന്‌ കാണിച്ചാണ്‌ അന്യായക്കാരന്‍ പത്രിക സമര്‍പ്പിച്ചത്‌. കോടതി കേസ്‌ മറ്റൊരു ദിവസത്തേക്ക്‌ മാറ്റിവെച്ചു.

Monday, March 31, 2008

യാത്രായപ്പ്. സുരേന്ദ്രന്‍ പാടുന്നു.

എന്നോട് ക്ഷമിക്കുക.മൊബൈലില്‍ റിക്കാര്‍ഡ് ചെയ്ത് നാട്ടില്‍നിന്നും അയ്ച്ച് തന്നതാണ്ഈ

വീഡിയോ.കടപ്പാട്-ഹമീദ്.എം.ടി

Sunday, March 30, 2008

പൂന്താനസ്മാരക ഗ്രന്ഥാലയം സുവര്‍ണജൂബിലിയുടെ നിറവില്


പൂന്താനസ്മാരക ഗ്രന്ഥാലയം സുവര്‍ണജൂബിലിയുടെ നിറവില്‍.പ്രവര്‍ത്തന പാതയില്‍ അഞ്ച് പതിറ്റാണ്ടു പിന്നിട്ട ഗ്രന്ഥശാലയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷപരിപാടികള്‍ 30ന് രാവിലെ 10മണിക്ക് മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. മഞ്ഞളാംകുഴി അലി എം.എല്‍.എ അധ്യക്ഷനായിരിക്കും. പ്രൊഫ.എം.പി.അബ്ദുസമദ്സമദാനി പൂന്താനസ്മാരക പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന കവിസമ്മേളനം കെ.വി.രാമകൃഷ്ണന്‍ഉദ്ഘാടനം ചെയ്യും.
1958 ഏപ്രില്‍19നാണ് യുവജന വായനശാല രൂപവത്കരിച്ചത്.ഒരു പീഞ്ഞപെട്ടിയില്‍ 70പുസ്തകങ്ങളുംവെച്ച് പോസ്റ്റോഫീസ് കെട്ടിടത്തില്‍ ജന്മ്മംകൊണ്ട വായനശാലക്ക് പിന്നീട് പൂന്താനസ്മാരക ഗ്രന്ഥാലയം എന്ന് പേരിട്ടു. പള്ളിപുറത്ത് ഗോപാലന്‍ നായര്‍ കിഴാറ്റൂരിന്‍റെ ഹൃദയഭാഗത്ത് സൌജന്യമായി നല്‍കിയ ഒന്നര സെന്‍റ് സ്ഥലത്ത് നിര്‍മ്മിച്ച കെട്ടിടം1976മെയ്28ന് പ്രൊഫ്.ചെറുകാടിന്‍റെ അധ്യക്ഷതയില്‍ വി.റ്റി.ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു.1984ല്‍ മെയ് മാസത്തില്‍ രജത ജൂബിലി ആഘോഷിച്ചു.മുന്‍ മുഖ്യമന്ത്രി അച്യുതമേനോന്‍ അടക്കമുള്ള സാഹിത്യ-സംസകാരിക രാഷ്ട്രീയ നായകര്‍ ആഘോഷത്തില്‍ സംബന്ധിച്ചു. ബി.ഗ്രേഡിലുള്ള ഈഗ്രന്ഥാലയത്തിലിന്ന് എണ്ണായിരത്തോളം പുസ്തകങ്ങളുണ്ട്.120 മെമ്പര്‍മാരും.ഗ്രന്ഥാലയത്തിനു കീഴില്‍ വനിതാവേദി,ബാലവേദി എന്നീ ഘടകങ്ങളും പ്രവര്‍ത്തിക്കുന്നു.
കെ.എം.വിജയകുമാര്‍ (പ്രസി),എം.ശ്രീകുമാരനുണ്ണി(വൈസ്പ്രസി),പി.വേണുഗോപാല്‍(സെക്ര),പാറമ്മല്‍ കുഞ്ഞിപ്പ(ജോ.സെക്ര),കെ.സേതുമാധവന്‍,എന്‍.നിധീഷ്,കെ.വികാസ്,വി.പി.അനീഷ്കുമാര്‍,പി.എസ്.പ്രീതി എന്നിവരാണ് ഗ്രന്ഥശാലയുടെ ഇപ്പോഴത്തെ ഭാരവാഹികള്‍.എം.ശ്രീകുമാരനുണ്ണി,പി.വേണുഗോപാല്‍,എന്നിവര്‍ താലൂക്ക് കൌണ്‍സിലര്‍മാരും എം.വിജയലക്ഷ്മി ലൈബ്രേറിയനുമാണ്.

Tuesday, March 18, 2008

മെഡിക്കല്‍ക്യമ്പ്.

സില്‍‌വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആനപ്പാംകുഴി എല്‍.പി.സ്കൂളില്‍ പെരിന്തല്‍മണ്ണ മൌലാന ആസ്പ്ത്രിയുടെ സഹകരണത്തോടെ നടത്തിയ സൌജന്യമെഡിക്കല്‍ക്യാമ്പ് ഡോ:രേണുക ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സി.റുബീന അധ്യക്ഷത വഹിച്ചു.ചീഫ് പി.ആര്‍.ഒ സി.പി.എ റഹ്മാന്‍,എ.മോഹന്‍‌ദാസ്,പി.വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Thursday, March 13, 2008

പൂന്താനം ഇല്ലവും ഇല്ലപ്പറമ്പും സാംസ്കാരിക കേന്ദ്രമാക്കി നിലനിര്‍ത്തണം

പൂന്താനം ഇല്ലവും ഇല്ലപ്പറമ്പും സാംസ്കാരിക കേന്ദ്രമാക്കി നിലനിര്‍ത്തണമെന്ന് പൂന്താനം സ്മാരക കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഗുരുവായൂര്‍ ദേവസ്വം പെരിന്തല്‍മണ്ണ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലവുമായി പൂന്താനം സ്മാരക കമ്മിറ്റിയെ ബന്ധിപ്പിക്കുന്നത് ഗൂഢലക്ഷ്യങ്ങളോടെയാണ്. ഈ വിവാദം തികച്ചും അടിസ്ഥാനരഹിതമാണ്. ആ സത്യവാങ്മൂലത്തില്‍ ഇല്ലാത്ത കാര്യം ഉണ്ട് എന്ന് ഒരു പത്രലേഖകന്‍ പ്രചരിപ്പിച്ചാണ് വിവാദമുണ്ടാക്കിയത്.
പൂന്താനം സ്മാരക കമ്മിറ്റിയുടെ ബാനറില്‍ പുരോഗമന സാഹിത്യസംഘം പ്രവര്‍ത്തിക്കുകയാണെന്ന വാദം അപഹാസ്യമാണ്. കമ്മിറ്റിയില്‍ കോണ്‍ഗ്രസുകാരും മുസ്ളിംലീഗുകാരും കമ്യൂണിസ്റ്റുകാരും ആര്‍എസ്എസുകാരും ഒരു രാഷ്ട്രീയകക്ഷിയിലും ഇല്ലാത്തവരും ഉണ്ട്. ജാതി-മത-രാഷ്ട്രീയത്തിനതീതമായ ഒരു സാംസ്കാരിക കൂട്ടായ്മയാണ് പൂന്താനസ്മരണയുടെ ഭാഗമായി രൂപംകൊണ്ടത്. ഈ കൂട്ടായ്മയെ ഭയപ്പെടുന്നവരാണ് ഇത്തരം പൊള്ളയായ വാദങ്ങളുയര്‍ത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
പൂന്താനം ഇല്ലം ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി അതിന്റെ ഭരണം കൈയടക്കാന്‍ മോഹിച്ചല്ല സ്മാരക കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. ജാതി-മത-വര്‍ഗ-വര്‍ണ വ്യത്യാസമില്ലാതെ എല്ലാ ഭാഷാസ്നേഹികള്‍ക്കും കയറിച്ചെല്ലാവുന്ന ഒരു സാംസ്കാരിക തീര്‍ഥാടനകേന്ദ്രമാക്കുകയാണ് ലക്ഷ്യം.
പൂന്താനം ഇല്ലത്തിന്റെ പവിത്രതയും പരിശുദ്ധിയും സംരക്ഷിക്കപ്പെടണമെന്ന ബോധം ഓരോ കേരളീയനുമുണ്ട്. പൂന്താനം ഇല്ലത്തെ ഒരു ക്ഷേത്രസങ്കേതമാക്കി വ്യാഖ്യാനിച്ച് ഒരു വിഭാഗത്തിന്റെ സ്വകാര്യസ്വത്താക്കി മാറ്റാനുള്ള നീക്കത്തെയാണ് കമ്മിറ്റി എതിര്‍ക്കുന്നത്. ഭക്തമഹാകവിയുടെ വാസസ്ഥലമെന്ന നിലയില്‍ അത് ദേശീയ സ്മാരകമാണ്. ആ നിലക്കുതന്നെ ഇല്ലം സംരക്ഷിക്കപ്പെടണം.
ഒരു വ്യാഴവട്ടക്കാലം പൂന്താനം സാഹിത്യോത്സവം സംഘടിപ്പിച്ച്, വിസ്മൃതിയിലായിരുന്ന പൂന്താനം ഇല്ലത്തെ കേരളത്തിന്റെ ശ്രദ്ധയില്‍കൊണ്ടുവന്നത് സ്മാരക കമ്മിറ്റിയാണ്. പൂന്താനത്തെ ചിലരുടെ സ്വാര്‍ഥതാല്പര്യത്തിനുവേണ്ടി കോടതികയറ്റി അപമാനിച്ചവരാണ് മാപ്പുപറയേണ്ടതെന്നും സ്മാരക കമ്മിറ്റി ചെയര്‍മാന്‍ സി വി സദാശിവന്‍, ജനറല്‍ സെക്രട്ടറി പാലക്കീഴ് നാരായണന്‍, സെക്രട്ടറി സി വാസുദേവന്‍, വൈസ്ചെയര്‍മാന്‍ മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍, ട്രഷറര്‍ കെ നാരായണന്‍, മറ്റു ഭാരവാഹികളായ മേലാറ്റൂര്‍ രാധാകൃഷ്ണന്‍, കിഴാറ്റൂര്‍ അനിയന്‍, വി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പറഞ്ഞു.

Wednesday, March 12, 2008

പൂന്താനം ഇല്ലത്ത് ആന ഇടഞ്ഞു;

മദമിളകിയ ആന ചരിത്ര സ്മാരകമായ പൂന്താനം ഇല്ലത്തിന്റെ പൂമുഖവും തൊട്ടടുത്ത പത്തായപ്പുരയും തകര്‍ത്തു. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. പൂന്താനം സ്വര്‍ഗാരോഹണം ചെയ്തെന്ന് വിശ്വസിക്കുന്ന സ്ഥലത്തെ മണ്ഡപവും തകര്‍ത്തിട്ടുണ്ട്.
പൂന്താനം ദിനത്തോടനുബന്ധിച്ച് പൂന്താനം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടക്കുന്ന എഴുന്നള്ളിപ്പിന് ഗുരുവായൂരില്‍നിന്ന് കൊണ്ടുവന്ന മൂന്ന് ആനകളില്‍ ജൂനിയര്‍ അച്യുതന്‍ എന്ന ആനയാണ് അതിക്രമം കാട്ടിയത്. ദേവസ്വത്തിലെ ജൂനിയര്‍ കേശവന്‍, അര്‍ജുനന്‍ എന്നീ ആനകള്‍ക്കൊപ്പം രണ്ട് ദിവസം മുമ്പാണ് ജൂനിയര്‍ അച്യുതന്‍ പൂന്താനത്തെത്തിയത്. ചൊവ്വാഴ്ച രാവിലെ എഴുന്നള്ളിപ്പിന് കൊണ്ടുപോകാന്‍ കോലുവിലക്കിട്ട് നിര്‍ത്തിയ ആന അനുസരണക്കേട് കാണിച്ചു. പിന്നീട് ഇല്ലത്തിന്റെ പൂമുഖവും പത്തായപ്പുരയുടെ ഒരു ഭാഗവും തകര്‍ക്കുകയായിരുന്നു. ഇല്ലപ്പറമ്പിലെ മരങ്ങളും ആന ഒടിച്ചു. പാപ്പാന്മാരുടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനുശേഷം ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് ആനയെ തളയ്ക്കാനായത്.
ദേവസ്വത്തിലെ മൃഗസംരക്ഷണ വിഭാഗം അസി. മാനേജര്‍ ഉണ്ണികൃഷ്ണന്‍, സൂപ്രണ്ട് രാജഗോപാലന്‍, ഡോ. വിവേക്, സുരേഷ്, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ എന്‍ രതീഷ്, ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളായ എന്‍ വാസുദേവന്‍, കെ പി ദിവാകരന്‍ (പാനൂര്‍) എന്നിവര്‍ സംഭവമറിഞ്ഞ് പൂന്താനത്തെത്തി.
ഇടഞ്ഞ ജൂനിയര്‍ അച്യുതന് 26 വയസ്സുണ്ട്. ഇതുവരെ ഇത്തരം അതിക്രമങ്ങളൊന്നും ആനയില്‍നിന്നും ഉണ്ടായിട്ടില്ലെന്ന് പാപ്പാന്മാരും ദേവസ്വം അധികൃതരും പറഞ്ഞു. ഇല്ലത്തിനും മറ്റ് വസ്തുക്കള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളതായി അധികൃതര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ സിഐ റജി ജേക്കബിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.

Tuesday, March 11, 2008

കായികമേള

സില്‍‌വര്‍ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കിഴാറ്റൂര്‍ ആനപ്പാംകുഴി ഐ.എം.എ.എല്‍.പി സ്കൂളില്‍ നടത്തിയ കായികമേള ബി.എസ്.കുഞ്ഞിതങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്‍റ് സി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.മുഹമ്മദ് നിസാര്‍,പി.വാസുദേവന്‍,പി.സുഹറ എന്നിവര്‍ പ്രസംഗിച്ചു.
വൈകീട്ട് നടന്ന സമാപനസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.നാരായണനുണ്ണി ഉദ്ഘാടനം ചെയ്തു.സ്കൂള്‍ മാനേജര്‍ സി.അസീസ് സമ്മാനദാനം നിര്‍വഹിച്ചു.

Saturday, February 23, 2008

ഗുരുവായൂര്‍ ദേവസ്വത്തിന് അവരുടെ വഴി.പൂന്താനസ്മാരക കമ്മറ്റി.

ഗുരുവായൂര്‍ ദേവസ്വത്തെ സ്വാധീനിച്ച് ഒരുകാര്യവും പൂന്താനസ്മാരക കമ്മറ്റിക്ക് ഇല്ലെന്നും ഗുരുവായൂര്‍ ദേവസ്വത്തിന് അവരുടെ വഴിയാണെന്നും
പൂന്താനസ്മാരക കമ്മറ്റി അറീച്ചു.

ഗുരുവായൂര്‍ ദേവസ്വത്തെ രാഷ്ട്രീയ സ്വാധീനം കൊണ്ട് വഴിതെറ്റിക്കുന്നതായുള്ള പൂന്താനം ഇല്ലം ക്ഷേത്രസംരക്ഷണ സമിതിയുടെ ആരോപണതിനെതിരെ പ്രതികരിച്ചുകൊണ്ട് പൂന്താനസ്മാരക കമ്മറ്റി പുറപ്പെടുവിച്ച പത്രകുറിപ്പിലാണ് ഇങ്ങനെ അഭിപ്രായപെട്ടത്.

പൂന്താനം ഇല്ലത്തെ സംബന്ധിച്ച് ഞാഞ്ഞൂലുകള്‍ തലയെടുത്തു പിടിക്കുന്ന ഗ്രഹണകാലമാണെന്നും അവര്‍ പറഞ്ഞു.പൂന്താനസ്മാരക കമ്മറ്റി വ്യക്തമായ
ചില ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് തികഞ്ഞ ദിശാബോധത്തോടെ പ്രവര്‍ത്തിക്കുന്ന
സാംസ്കാരിക സംഘടനയാണെന്നും അവര്‍ പറഞ്ഞു.

ഭക്തകവി പൂന്താനത്തിന്‍റെ ജന്മഗൃഹം ഏതെങ്കിലും ഒരു പ്രത്യേക സമുതായത്തിന്‍റെയോ ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ യോ സ്വകാര്യ്‌ ‌സ്വത്താവേണ്ടതല്ലെന്നും ജാതി‌‌-മത,വര്‍ഗ-വര്‍ണ വ്യത്യസമില്ലാതെ എല്ലാ ഭാഷാ
സ്നേഹികളുടെയും തീര്‍ഥാടന കേന്ദ്രമാക്കേണ്ട സ്ഥലമാണേന്നും സ്മാരക കമ്മിറ്റി പറഞ്ഞു.

Saturday, February 2, 2008

പാലംപണി അവസാന ഘട്ടത്തില്‍



(ചിത്രങ്ങള്‍-ഫൈസല്‍.എം.ടി)



വെള്ളിയാര്‍ പുഴയുടെ മണിയാണീരിക്കടവില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന
പാലത്തിന്‍റെ അവസാന സ്പാനിന്‍റെ കോണ്‍ക്രീറ്റ് ശനിയാഴ്ച്ച നടന്നു.
നാല് സ്പാനുകളുള്ള പാലത്തിന്‍റെ മൂന്ന് സ്പാനിന്‍റെ നിര്‍മ്മാണം നേരത്തെ
പൂര്‍ത്തിയായിരുന്നു.
പാലത്തിനിരുവശമുള്ള അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണംകൂടി പൂര്‍ത്തീകരിച്ച്.മാര്‍ച്ച് അവസാനത്തോടേ ഗതാഗതയോഗ്യമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.പാലംനിര്‍മ്മാണത്തിന്‍റെ അവസാനഘട്ടം
ആഘോഷപൂര്‍വ്വംകൊണ്ടാടാനുള്ള ഒരുക്കത്തിലാണ് കിഴാറ്റൂര്‍-മേലാറ്റൂര്‍ നിവാസികള്‍.

Thursday, January 24, 2008

സ്വാഗതസംഘം രൂപവത്കരിച്ചു

ആനപ്പാംകുഴി ഐ.എം.എ.എല്‍.പി സ്കൂള്‍ സില്‍‌വര്‍ജൂബിലി ഫിബ്രവരി,
ഏപ്രില്‍ മാസങ്ങളില്‍ ആഘോഷിക്കും.പരിപാടികളുടെ കാര്യക്ഷമമായ
നടത്തിപ്പിനുവേണ്ടി സി.അസീസ്(ചെയ),സി.ഇബ്രാഹിം,കെ.ഉമ്മര്‍,സി.സൈതലവി(വൈ.ചെയ)
എ.മോഹന്‍‌ദാസ്(കണ്‍)വി.പി.സുലൈമാന്‍‌ഹാജി,സി.മുഹമ്മദ് മുസ്തഫ,
സി.കെ.മുഹമ്മദ് നിസാര്‍(ജോ.കണ്‍),സി.ടി.ഹമീദ്(ഖജാ)
എന്നിവരുടെ നേതൃത്വത്തില്‍ സ്വാഗതസംഘം രൂപവത്കരിച്ചു.

Saturday, January 5, 2008

ജനകീയ സാഹിത്യ അരങ്ങ്

പൂന്താനസ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജനകീയസാഹിത്യ അരങ്ങ് ഗ്രന്ഥലോകം പത്രാധിപര്‍ പ്രൊഫ:പാലകീഴ് നാരായണന്‍ഉദ്ഘാടനം ചെയ്തു.കീഴാറ്റൂര്‍ അനിയന്‍ അധ്യക്ഷനായിരുന്നു.

യുവ കഥാകൃത്ത് എന്‍.പ്രദീപ് കുമാറിന്‍റെ കഥകളെ കുറിച്ച് മേലാറ്റൂര്‍ രാധാകൃഷ്ണന്‍വിഷയം അവതരിപ്പിച്ചു.മാങ്ങോട്ടില്‍ബാലകൃഷ്ണന്‍,എം.രാമദാസ്എന്നിവര്‍ ചര്‍ച്ചയില്‍പങ്കെടുത്തു. കഥാകൃത്ത് എന്‍.പ്രദീപ് കുമാര്‍ മറുപടി പ്രസംഗം നടത്തി.കെ.എം.വിജയകുമാര്‍ സ്വാഗതവും പി.വേണുഗോപാല്‍ നന്ദിയും പറഞ്ഞു.

Thursday, January 3, 2008

ഫുട്ബോള്‍ ടൂര്‍ണമെന്‍റ്

കച്ചീരി അബ്ദുസലാം മെമ്മോറിയല്‍ റോളിങ്ങ് ട്രോഫിക്കു വേണ്ടി കീഴാറ്റൂര്‍ നെഹ്‌റു യുവക് സ്പോര്‍ട്സ് ക്ല്ബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സെവന്‍സ്ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ജ്നുവരി മൂന്നാം വാരത്തില്‍ ആരംഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് .ഫോണ്‍: 9946525654

അക്രമത്തില്‍‌ പ്രതിഷേധിച്ചു

കീഴാറ്റൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമിക്കുകയും യു.ഡി.എഫിന്‍റെ ബോര്‍ഡ്,ബാനര്‍ എന്നിവ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കീഴാറ്റൂരില്‍ചേര്‍ന്ന കോണ്‍ഗ്രസ് യോഗം പ്രതിഷേധിച്ചു. പ്രകടനവും നടത്തി.പി.വി ശങ്കരവാരിയര്‍, വി.വിശ്വനാഥന്‍,ദാമോദരന്‍ നമ്പൂതിരി,എം നാരായണന്‍,സി.ഹാരിസ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി

Wednesday, January 2, 2008

സുവര്‍ണജൂബിലി സ്വാഗത സംഘമായി.

കിഴാറ്റൂര്‍ പൂന്താനസ്മാരക ഗ്രന്ഥാലയത്തിന്‍റെ സുവര്‍ണജൂബിലി ഒരു വര്‍ഷംനീണ്ടു നില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കാന്‍ നാട്ടുകാരുടെ യോഗംതീരുമാനിച്ചു.

മന്ത്രമാര്‍,സാഹിത്യ സാമൂഹിക സാംസ്കാരിക നായകന്മ്മാര്‍ തുടങ്ങിയവരെപങ്കെടുപ്പിച്ച് വിവിധ സമ്മേളനങ്ങള്‍,കലാസാഹിത്യ മത്സരങ്ങള്‍,പരിശീലന കളരികള്‍ എന്നിവ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കും.ഗ്രന്ഥശാല പ്രസിഡന്‍റ് കെ.എം.വിജയകുമാര്‍ അധ്യക്ഷനായിരുന്നു.പി.വേണുഗോപാല്‍,കീഴാറ്റൂര്‍ അനിയന്‍,മാങ്ങോട്ടില്‍ബാലകൃഷ്ണന്‍,പി.നാരായണനുണ്ണി,കെ.സേതുമാധവന്‍,സി.കെ.രമാദേവി,പി.വിശ്വനാഥന്‍,എം.രാമദാസ്,എന്‍.നിധീഷ്,എം.ശ്രീകുമാരനുണ്ണി,പി.അപ്പു,പി.സുബ്രമഹ്ണ്യന്‍,മേലാറ്റൂര്‍ പദ്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: കീഴാറ്റൂര്‍ അനിയന്‍(ചെയ), മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍(കണ്‍),പി.അപ്പു,പി.വിശ്വനാഥനന്‍‌,വി.എം.ദാമോദരന്‍ നമ്പൂതിരി,എം.ടി.ഹസന്‍(വൈസ് ചെയ)പി.വേണുഗോപാല്‍,കെ.സേതുമാധവന്‍,എം.രാമദാസ്,എന്‍.നിധീഷ്,പി.ടി.സുരേഷ്,എ.അനില്‍കുമാര്‍(ജോ.സെക്ര)

വായനാ മത്സരം

ലൈബ്രറി കൌണ്‍സിലി‌ന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യു.പി.വിഭാഗം വായനാ മത്സരം.കിഴാറ്റൂര്‍ പൂന്താനസ്മാരക ഗ്രന്ഥാലയത്തില്‍ സി.വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ് കെ.എം.വിജയകുമാര്‍ അധ്യക്ഷനായിരുന്നു.മത്സരത്തില്‍ കെ.കെ.സഹ്‌ല നര്‍ഗീസ്,പി,നീതു,കെ.അനുശ്രീ,കെ.അഞ്ജുകൃഷ്ണ എന്നിവര്‍ യഥാക്രമംഒന്നും,രണ്ടും,മൂന്നും സ്ഥാനം നേടി.